02 August, 2019 06:42:11 PM
'ശുദ്ധികലശ'വുമായി പൊതുമരാമത്ത് വകുപ്പ്; കോട്ടയം മെഡി. കോളേജ് പരിസരത്തെ അനധികൃതകടകള്‍ നീക്കം ചെയ്തു
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് പരിസരത്തെ അനധികൃത തട്ടുകടകൾ ഒഴിപ്പിച്ച് പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗത്തിന്‍റെ ശുദ്ധികലശം. നാട്ടുകാര്‍ക്കും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്കും മുന്നില്‍ ചോദ്യചിഹ്നമായി നിന്നിരുന്ന തട്ടുകടകള്‍ നീക്കം ചെയ്യാനുള്ള ശ്രമത്തിനിടെ ഒരു വിഭാഗം ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത് സംഘർഷത്തിനിടയാക്കി. പോലീസ് ഇവരെ അനുനയിപ്പിച്ച് നീക്കിയ ശേഷമാണ് ഒഴിപ്പിക്കൽ നടപടികള്‍ തുടർന്നത്. ആര്‍പ്പൂക്കരയില്‍ എസ്എംഈ ജംഗ്ഷന്‍ മുതല്‍ ഗാന്ധിനഗര്‍ വരെ റോഡിനിരുവശവും മെഡിക്കല്‍ കോളേജ് പരിസരത്തുമായി അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന 78 കടകള്‍ വെള്ളിയാഴ്ച നീക്കം ചെയ്തു. ഒപ്പം കുറെ ഫ്ലക്സ് ബോര്‍ഡുകളും നീക്കം ചെയ്തു.
പൊതുമരാമത്ത് വകുപ്പിന്‍റെ കീഴിലുള്ള നിരത്തുകള്‍ കയ്യേറിയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും കച്ചവടങ്ങള്‍ക്കും എതിരെ കര്‍ശനനടപടി ഉണ്ടാകുമെന്ന് ഈ സര്‍ക്കാരിന്‍റെ തുടക്കത്തില്‍ തന്നെ മന്ത്രി ജി.സുധാകരന്‍ വ്യക്തമാക്കിയിരുന്നു. മെഡിക്കല്‍ കോളേജ് പരിസരത്തെ വഴിവാണിഭക്കാരെ പലവട്ടം ഒഴിപ്പിച്ചുവെങ്കിലും പൂര്‍വ്വാധികം ശക്തിയോടെ കടകള്‍ വീണ്ടും സ്ഥാപിക്കപ്പെടുകയായിരുന്നു. ഇതിനിടെയാണ് പൊതുമരാമത്ത് നിരത്തുവിഭാഗം കോട്ടയം സബ് ഡിവിഷന്‍റെ കീഴില്‍ ഏറ്റുമാനൂര്‍ - മണര്‍കാട് ബൈപാസിലെയും മെഡിക്കല്‍ കോളേജ് പരിസരത്തെയും അനധികൃതകയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള തീരുമാനമെടുത്തത്. ആദ്യഘട്ടമായി ഏറ്റുമാനൂര്‍ - മണര്‍കാട് ബൈപാസ് റോഡിലെ അനധികൃത കയ്യേറ്റങ്ങള്‍ ജൂലൈ 17ന് ഒഴിപ്പിച്ചിരുന്നു.
രണ്ടാം ഘട്ടമായി മെഡിക്കല്‍ കോളേജ് പരിസരത്തെ കയ്യേറ്റങ്ങള്‍ സ്വയം ഒഴിയുന്നതിന് പൊതുമരാമത്ത് വകുപ്പ് നല്‍കിയ നോട്ടീസ് കാലാവധി ഒരാഴ്ച മുമ്പ് അവസാനിച്ചിരുന്നു. തീര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളേജ് പരിസരത്തെ തട്ടുകടകളില്‍ നല്‍കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ മായം കലര്‍ന്നതും രോഗങ്ങളെ വിളിച്ചു വരുത്തുന്നതുമാണെന്ന പരാതി വളരെ നാളുകളായി നിലനില്‍ക്കെയാണ് കഴിഞ്ഞ ജില്ലാ വികസനസമിതി യോഗത്തില്‍ ഈ വിഷയം വീണ്ടും ചര്‍ച്ചചെയ്യപ്പെട്ടത്. എത്രയും പെട്ടെന്ന് തന്നെ കടകള്‍ ഒഴിപ്പിക്കണമെന്ന ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം കൂടി കണക്കിലെടുത്താണ് വെള്ളിയാഴ്ച പൊതുമരാമത്ത് വകുപ്പ് നടപടികള്‍ ഉണ്ടായത്.
മണ്ണ്മാന്തി യന്ത്രങ്ങളും ഒട്ടേറെ ടിപ്പര്‍ ലോറികളുമായി രാവിലെ 8 മണിയോടെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ആരംഭിച്ച ഒഴിപ്പിക്കല്‍ നടപടികള്‍ ഒന്നര മണിയോടെ പൂര്‍ത്തിയായി. ഗാന്ധിനഗര്‍ പോലീസ് സി.ഐ അനൂപ് ജോസിന്‍റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹവും ഉണ്ടായിരുന്നു. ഇതിനിടെയാണ് സിഐടിയു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് കോട്ടയം ഡിവൈഎസ്പി ആര്‍ ശ്രീകുമാറും സ്ഥലത്തെത്തി. കോട്ടയം തഹസില്‍ദാര്‍ , അഡീഷണല്‍ തഹസില്‍ദാര്‍, പൊതുമരാമത്ത് വകുപ്പ് നിരത്തുവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ശ്രീലേഖ, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സണ്ണി ജോര്‍ജ്, അസിസ്റ്റന്‍റ് എഞ്ചിനീയര്‍ റോമി എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.