01 August, 2019 09:23:54 AM
മൊറട്ടോറിയം അവസാനിച്ചു, ഇന്നു മുതല്‍ പ്രളയ സെസും ; കര്‍ഷകന് ജപ്തിഭീഷണിക്ക് പുറമേ വിലക്കയറ്റവും
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തെത്തുടര്‍ന്നു സംസ്ഥാനത്ത് കാര്‍ഷികവായ്പകള്‍ക്ക് അനുവദിച്ചിരുന്ന മൊറട്ടോറിയത്തിന്‍റെ കാലാവധി ഇന്നലെ അവസാനിച്ചു. ബാങ്കുകള്‍ ജപ്തിനടപടികള്‍ പുനരാരംഭിക്കുമെന്ന ആശങ്കയില്‍ കര്‍ഷകര്‍. ബാങ്കുകളുടെ ജപ്തി നടപടികളുമായി സര്‍ക്കാര്‍ സഹകരിക്കില്ലെന്നും ഇന്നു മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് കൃഷിമന്ത്രി നേരിട്ടും മുഖ്യമന്ത്രി കത്തു മുഖേനയും റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു.
മൊറട്ടോറിയം നീട്ടി നല്‍കുന്ന കാര്യത്തില്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിക്ക് അധികാരമുണ്ടെന്നായിരുന്നു ആര്‍.ബി.ഐ. നിലപാട്. എന്നാല്‍ ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കുമായി ബന്ധപ്പെടുന്നുണ്ടെന്നും അവരില്‍നിന്നു രേഖാമൂലമുള്ള ഉറപ്പ് നേടുന്നതിനുള്ള ശ്രമം നടത്തുകയാണെന്നും ബാങ്കേഴ്‌സ് സമിതി പറയുന്നു. വായ്പ കിട്ടാക്കടമാകുന്നതിനുള്ള വ്യവസ്ഥകളില്‍ ആര്‍.ബി.ഐ ഇളവു നല്‍കാത്തതാണ് മൊറട്ടോറിയം നീട്ടുന്നതിനുള്ള തടസമായി ബാങ്കുകള്‍ പറയുന്നത്.
പ്രളയത്തിനു ശേഷമാണ് കാര്‍ഷികവായ്പകള്‍ക്ക് ജൂലൈ 31 വരെ മൊറട്ടോറിയം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതു ബാങ്കേഴ്‌സ് സമിതിയും അംഗീകരിച്ചു. എന്നാല്‍ ഇടുക്കി, വയനാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ കര്‍ഷകരുടെ ആത്മഹത്യ പെരുകിയ സാഹചര്യത്തില്‍ കര്‍ഷകര്‍ എടുത്തിട്ടുള്ള എല്ലാ വായ്പകള്‍ക്കും മൊറട്ടോറിയം ഈവര്‍ഷം ഡിസംബര്‍വരെ നീട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഇതിന് അംഗീകാരം നല്‍കുന്നതിനുപകരം ആര്‍.ബി.ഐ. തീരുമാനം ബാങ്കേഴ്‌സ് സമിതിക്കു വിട്ടു. ജപ്തി നടപടികളില്‍ സഹായിക്കേണ്ടെന്നു സര്‍ക്കാര്‍ തീരുമാനമെടുത്തതിനാല്‍ ബാങ്ക് നടപടികള്‍ക്ക് പൊലീസ് സഹായം ലഭിച്ചേക്കില്ല.
ബാങ്കുകള്‍ കോടതിയെ സമീപിച്ചാല്‍ പ്രശ്‌നം സങ്കീര്‍ണമാകുമെന്നും മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു. വിലക്കയറ്റത്തിന് വഴിതുറന്ന് സംസ്ഥാനത്ത് ഇന്നുമുതല്‍ പ്രളയസെസ് പ്രാബല്യത്തില്‍. സംസ്ഥാനത്തിനകത്ത് അഞ്ചുശതമാനത്തിലേറെ ജി.എസ്.ടിയുള്ള ഉല്‍പന്നങ്ങളിലും സേവനങ്ങളിലുമാണ് രണ്ടുവര്‍ഷത്തേക്ക് ഒരു ശതമാനം സെസ് പിരിക്കുക. വര്‍ഷം 600 കോടി രൂപവച്ച് പിരിച്ചെടുക്കുകയാണ് ലക്ഷ്യം. ജി.എസ്.ടി കൗണ്‍സിലിന്റെ അനുമതിയോടെ കഴിഞ്ഞ ബജറ്റില്‍ തന്നെ സെസ് പ്രഖ്യാപിച്ചെങ്കിലും സാങ്കേതികപ്രശ്‌നങ്ങളും മറ്റുമായി െവെകി. ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതോടെയാണ സെസ് പ്രാബല്യത്തില്‍ വരുന്നത്.
അരി, ഉപ്പ്, പഞ്ചസാര, പച്ചക്കറികള്‍ തുടങ്ങി നിത്യോപയോഗസാധനങ്ങള്‍ക്ക് പ്രളയസെസ് ബാധകമാവില്ല. ഉപഭോക്തൃ, ഇലക്‌ട്രോണിക് ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റുള്ളവയ്ക്ക് സെസ് ബാധകമാകും. ബാങ്കിങ് മേഖലയിലുള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കും സെസ് ബാധകമാകും. ചരക്കുകളുടെയും സേവനങ്ങളുടെയും അടിസ്ഥാനവിലയില്‍ നികുതി ഏര്‍പ്പെടുത്തുന്നതുകൊണ്ട് വിലയില്‍ വലിയ മാറ്റം ഉണ്ടാവില്ലെന്നാണ് ധന-നികുതി വകുപ്പുകളുടെ നിലപാട്. സെസ് പ്രത്യേകമായി തന്നെ പിരിയ്ക്കുകയും ബില്ലില്‍ പ്രത്യേകം കാണിക്കുകയും വേണമെന്ന് ജി.എസ്.ടി വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ഇത് പ്രത്യേകമായി തന്നെ റിട്ടേണുകള്‍ക്കൊപ്പം സമര്‍പ്പിക്കണം.
സംസ്ഥാനത്ത് ജി.എസ്.ടി രജിസ്‌ട്രേഷന്‍ എടുത്തിട്ടുള്ളവരെല്ലാം ഇത് അടയ്‌ക്കേണ്ടിവരും. രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സെസിന് അര്‍ഹതയുള്ള വസ്തുക്കളോ, സേവനങ്ങളോ വിതരണം ചെയ്യുന്നത് റിട്ടേണുകളില്‍ വ്യക്തമാക്കിയിരിക്കണമെന്നും വിജ്ഞാപനത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. സ്വര്‍ണം ഒഴികെ അഞ്ചുശതമാനമോ അതില്‍ താഴെയുള്ള സ്ലാബില്‍പ്പെട്ട ചരക്കുകളുടെ മേല്‍ സെസ് ഏര്‍പ്പെടുത്തിയിട്ടില്ല. കോമ്പോസിഷന്‍ രീതി തെരഞ്ഞെടുത്തിട്ടുള്ള വ്യാപാരികളെയും സെസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്