23 June, 2019 12:40:06 PM


തിരുവാതിര ഞാറ്റുവേലയ്ക്ക് തുടക്കമായി; വിത്തുകളും തൈകളുമായി കൃഷിഭവനുകള്‍

ജൂണ്‍ 22 മുതല്‍ ജൂലൈ 6 വരെയാണ് ഈ വര്‍ഷം തിരുവാതിര ഞാറ്റുവേല





✍ സംഗീത എന്‍.ജി.

പാലക്കാട്: തിരുവാതിര ഞാറ്റുവേലയ്ക്ക് തുടക്കമായി. ജൂണ്‍ 22 മുതല്‍ ജൂലൈ ആറ് വരെയാണ് ഈ വര്‍ഷം തിരുവാതിര ഞാറ്റുവേല. പണ്ട് കൃഷിരീതികള്‍ ഞാറ്റുവേലയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. മുറിച്ചു നടേണ്ട ചെടികള്‍ക്ക് ഏറ്റവും പറ്റിയ സമയമാണ് തിരുവാതിര ഞാറ്റുവേലക്കാലം. ഔഷധസസ്യങ്ങളും താളിച്ചെടികളും നടേണ്ടതും ഇക്കാലത്താണ്. ഞാറ്റുവേല കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ കൃഷിഭവനുകളിലൂടെ പച്ചക്കറി വിത്തുകളും തൈകളും കര്‍ഷകര്‍ക്ക് വിതരണം ചെയ്തു തുടങ്ങി.

തിരുവാതിര ഞാറ്റുവേലയില്‍ വിരലൊടിച്ചു കുത്തിയാല്‍ പോലും മുളയ്ക്കുമെന്നാണ് പഴമൊഴി. എല്ലാ സസ്യങ്ങള്‍ക്കും പൊതുവേ ഗുണകരമായ ഞാറ്റുവേലകാലം അമര, കുരുമുളക്, തെങ്ങ് തുടങ്ങിയവ നട്ടുവളര്‍ത്താന്‍ ഏറ്റവും അനുയോജ്യം. ഈ സമയം പെയ്യുന്ന മഴയില്‍ വളക്കൂര്‍ കൂടുതലുണ്ടെന്നും അതുകൊണ്ട് നടുന്നവയെല്ലാം നന്നായി തഴച്ചു വളരുമെന്നും കര്‍ഷകര്‍ വിശ്വസിക്കുന്നു. 

മകയിരം ഞാറ്റുവേലയില്‍ മതിമറന്നു പെയ്യുന്ന കാലാവസ്ഥ തിരുവാതിര ഞാറ്റുവേലയില്‍ തെല്ലൊന്നു ശമിക്കും. ഇടവിട്ടിടവിട്ട് ചിന്നംപിന്നം പെയ്യുന്ന മഴയും ഇടയ്ക്കു തെളിയുന്ന വെയിലും ഏത് നടുതലകളും വേരുപിടിച്ചു പടര്‍ന്നു കിട്ടാന്‍ അനുയോജ്യമാണെന്ന് കര്‍ഷകര്‍ ചൂണ്ടികാട്ടുന്നു. കാലവര്‍ഷം കനത്തതിനു ശേഷം ലഭിക്കുന്ന ഈ ഇടവേള മഴയുടെ ഊറ്റമില്ലാത്തതു കൊണ്ടും വെയിലിന്റെ കാഠിന്യമില്ലാത്തതു കൊണ്ടും ചെറുതായി തുടര്‍ച്ചയായി മഴ കിട്ടുന്നതു കൊണ്ടും കാര്‍ഷിക ജോലികള്‍ക്ക് ഉത്തമമത്രേ. 

നൂറ്റാണ്ടുകള്‍ക്കുമുമ്പ് വാസ്‌കോഡ ഗാമയെയും സംഘത്തെയും കോഴിക്കോട് സാമൂതിരി രാജാവ് വരവേറ്റത് ചക്ക നല്‍കിയിട്ടായിരുന്നു. വിശിഷ്ടങ്ങളായ ഭക്ഷണവും സുഗന്ധദ്രവ്യങ്ങളും നല്‍കി സ്വീകരിച്ച ശേഷം അവര്‍ക്ക് കുരുമുളക് വള്ളികള്‍ നല്‍കാനും സാമൂതിരി മടിച്ചില്ല. മന്ത്രിയായ മങ്ങാട്ടച്ചന് ഇതൊന്നും അത്ര രസിച്ചില്ല. കറുത്തമുത്ത് തേടിയെത്തിയ പോര്‍ച്ചുഗീസ് കച്ചവടക്കാര്‍ക്ക് വള്ളികള്‍ കൊടുത്തുവിട്ടാലുള്ള പ്രശ്നം മങ്ങാട്ടച്ചന്‍ ചൂണ്ടികാട്ടി. 'നമ്മുടെ തിരുവാതിര ഞാറ്റുവേല അവര്‍ക്ക് കൊണ്ടുപോകാന്‍ കഴിയില്ലല്ലോ' എന്നായിരുന്നു സാമൂതിരി മങ്ങാട്ടച്ചന് നല്‍കിയ മറുപടി. തിരുവാതിര ഞാറ്റുവേലയും നമ്മുടെ കാര്‍ഷിക സംസ്‌കാരവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന വാക്കുകളാണിത്. 

പഴയമക്കാര്‍ തിരുവാതിര ഞാറ്റുവേല തുടങ്ങുന്ന ദിവസം മുതല്‍ മഴവെള്ളം ശേഖരിച്ചു ദിവസവും അതിരാവിലെ ഓരോ ഗ്ലാസ് വെള്ളം കുടിക്കുമായിരുന്നു. തിരുവാതിര ഞാറ്റുവേല കാലത്തിനിടയില്‍ പതിനാലു ദിവസത്തിനുള്ളില്‍ ഒരു ദിവസം അമൃത് മഴ പെയ്യുമെന്നായിരുന്നു വിശ്വാസം. ഏത് ദിവസമായിരിക്കുമെന്ന് നിശ്ചയമില്ലാത്തതിനാലാണത്രേ പതിനാലു ദിവസവും മഴവെള്ളം ശേഖരിച്ചു കുടിച്ചുപോന്നിരുന്നത്. 'തിരുവാതിരയില്‍ നൂറു മഴയും വെയിലു'മെന്നാണ് ചൊല്ല്. തിരിമുറിയാത്ത മഴയും തീക്കട്ടപോലുള്ള വെയിലും മാറിമാറി വരുന്ന കാലാവസ്ഥയില്‍ മണ്ണിലും വെള്ളത്തിലും ജീവന്‍റെ തുടിപ്പുകള്‍ ഏറുമെന്നാണ് പറയുന്നത്.   

സൂര്യന്‍റെ മറ്റൊരു പേരായ ഞായറാണ്‌ പേരിന്‍റെ കാരണം. ഞായർ വേള എന്നതാണ്‌ ഞായറ്റുവേള എന്നും ഞാറ്റുവേല എന്നുമായിത്തീർന്നത്. കേരളീയർ ഞാറ്റുവേലക്കൊത്ത് കാർഷിക ചക്രം രൂപപ്പെടുത്തിയിട്ടുണ്ട്. കേരളീയരെ സംബന്ധിചച്ചിടത്തോളം ജ്യോതിശാസ്ത്രത്തിലും കാലാവസ്ഥാശാസ്ത്രത്തിലും പരിചയത്തിലും ഊന്നി ഒരു കൊല്ലം ലഭ്യമാകുന്ന മഴയുടെ വിതരണത്തെ ഏറ്റവും ശാസ്ത്രീയമായി നിർണ്ണയിച്ചതിന്‍റെ പ്രത്യക്ഷ ഉദാഹരണമാണ്‌ ഞാറ്റുവേല സങ്കല്പം




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K