16 June, 2019 12:38:24 PM
പിളര്‍പ്പിന് ഏതാനും മണിക്കൂര്‍: യോഗത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജോസ്; പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ പങ്കെടുക്കില്ലെന്ന് മോന്‍സ്
കോട്ടയം: കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫിന്റെ എതിര്‍പ്പും സ്വയം പുറത്തുപോകേണ്ടി വരുമെന്ന ഭീഷണിയും വിലപ്പോകാതെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഉറച്ച് ജോസ്.കെ. മാണി. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കോട്ടയത്ത് വിളിച്ചു ചേര്‍ത്തിരിക്കുന്ന യോഗത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജോസ്.കെ.മാണി വ്യക്തമാക്കി.
സംസ്ഥാന കമ്മിറ്റി യോഗം വിളിച്ച നടപടി ഭരണഘടനാ വിരുദ്ധമാണെന്നും പങ്കെടുക്കരുതെന്നും ജോസഫ് പാര്‍ട്ടി എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെ ജോസ് വിഭാഗം വിളിച്ച യോഗം അനധികൃതമാണെന്നും, യോഗത്തില്‍ പങ്കെടുന്നവര്‍ സ്വയം പുറത്തുപോകേണ്ടി വരുമെന്നും പി.ജെ.ജോസഫ് വ്യക്തമാക്കുകയും ചെയ്തതോടെ പിളര്‍പ്പെന്ന സൂചന ശക്തമായി. പിന്നാലെ യോഗത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന മറുപടിയുമായി ജോസ്.കെ.മാണി രംഗത്തെത്തിയതോടെ പിളര്‍പ്പിലേയ്ക്കുള്ള അകലം ഏതാനും മണിക്കൂര്‍ മാത്രമായി ചുരുങ്ങുകയാണ്.
അതേസമയം പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ ആരും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. അനുരഞ്ജന ചര്‍ച്ചകള്‍ നടക്കുന്നതിനിടെ വിഭാഗീയത ഉണ്ടാക്കാന്‍ ഇടവരുത്തുന്ന തരത്തില്‍ ഒരു വിഭാഗത്തിന്റെ മാത്രം യോഗം വിളിച്ചത് തീര്‍ച്ചയായും വേദനാജനകവും നിര്‍ഭാഗ്യകരവുമാണ്. അത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും മോന്‍സ് പ്രതികരിച്ചു. യോഗം വിളിച്ചത് പാര്‍ട്ടി ഭരണഘടനയുടെ നഗ്നമായ ലംഘനമാണെന്ന് ജോയ് എബ്രാഹവും പ്രതികരിച്ചു