15 June, 2019 05:09:22 PM
കോട്ടയത്ത് എന്‍ജിനീയറിംഗ് - മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ 15 ഇടങ്ങളില്‍ പച്ചതുരുത്തുകള്‍ക്ക് തുടക്കം
കോട്ടയം: നാടന്‍ മരങ്ങളും ചെടികളും നട്ട് വളര്‍ത്തി ചെറുവനങ്ങള്‍ സജ്ജമാക്കുന്നതിനുളള പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 15 ഇടങ്ങള്‍ പച്ചതുരുത്തുകളാകുന്നു. കോട്ടയം സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജ്, മെഡിക്കല്‍ കോളേജ്, പെരുന്ന ഐടിഐ എന്നിവിടങ്ങളില്‍ ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ പച്ചതുരുത്തുകള്‍ ഉയരുകയാണ്.
കോട്ടയം മുനിസിപ്പാലിറ്റിയില്‍ ആറിടങ്ങളിലാണ് പച്ചതുരുത്തിന് രൂപം നല്‍കുന്നത്. 47, 22 വാര്‍ഡുകളിലും കോട്ടയം ടൗണ്‍ എല്‍.പി. സ്‌കൂള്‍, കുമാരനല്ലൂര്‍ ദേവീ വിലാസം എല്‍.പി, യു. പി സ്‌കൂള്‍, മുടിയൂര്‍ക്കര ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്തില്‍ കാട്ടാത്തി ഗവണ്‍മെന്റ് എല്‍.പി.സ്‌കൂള്‍, അയര്‍ക്കുന്നം ഗ്രാമപഞ്ചായത്തില്‍ ആറുമാനൂര്‍ എല്‍.പി. സ്‌കൂള്‍, കുമരകത്ത നോര്‍ത്ത് എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പച്ചതുരുത്ത് നിര്‍മ്മിക്കും. കൂരോപ്പട പഞ്ചായത്ത് 12, 14 വാര്‍ഡുകളിലെ പാതയോരങ്ങളും വാഴൂര്‍ പഞ്ചായത്തില്‍ കൊടുങ്ങൂര്‍ - ചാമംപതാല്‍ റോഡിന്റെ വശങ്ങളും പച്ചതുരുത്തുകളാകും.
തൊഴിലുറപ്പു പദ്ധതി ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി പച്ചതുരുത്ത് നിര്‍മ്മാണം കൂടുതല്‍ പ്രദേശങ്ങളില്‍ വ്യാപിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായുളള ജില്ലാതല സാങ്കേതിക സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. കുടംപുളി, ഇലഞ്ഞി, പൂവരശ്, പുന്ന, വേങ്ങ, കുമ്പിള്‍, കുളമാവ്, കടമ്പ് തുടങ്ങിയ 45ഓളം വൃക്ഷങ്ങളാണ് പച്ചതുരുത്തില്‍ നട്ടുവളര്‍ത്തുക. ചതുപ്പ് പ്രദേശങ്ങളില്‍ കുളവെട്ടി, ആറ്റുവഞ്ചി, കാട്ടുജാതി, അവിസീനിയ, റൈസോഫോറാ എന്നിവയും ഔഷധസസ്യങ്ങളായ വയമ്പ്, ബ്രഹ്മി, കഞ്ഞുണ്ണി തുടങ്ങിയവയും നടും. ചെങ്കല്‍ പ്രദേശങ്ങളില്‍ കറ്റാര്‍വാഴ, മഞ്ഞള്‍, നീലയമരി, കച്ചോലം, കിരിയാത്ത് തുടങ്ങിയവയാണ് നട്ടുവളര്‍ത്തുക.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞിരപ്പള്ളി അല്‍ഫീന്‍ പബ്ലിക് സ്‌കൂളില്‍ ഹരിത കേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി. എന്‍ സീമ നിര്‍വഹിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. രമേഷ്, പി.ടി.എ പ്രസിഡന്റ്് മായാറാണി, പ്രിന്‍സിപ്പല്‍ വിനീത ജി. നായര്‍, അമീന പഴയതാവളം എന്നിവര്‍ സംസാരിച്ചു.