14 June, 2019 08:24:26 PM
കോതനല്ലൂരിലും കടുത്തുരുത്തിയിലും പുതിയ റയില്‍വേ മേല്‍പാലം: പ്രാരംഭനടപടികള്‍ ആരംഭിച്ചു
- സ്വന്തം ലേഖകന്‍
കോട്ടയം: എറണാകുളത്തിനും കോട്ടയത്തിനും മധ്യേ മൂന്ന് റയില്‍വേ മേല്‍പാലങ്ങള്‍ കൂടി പണിയാന്‍ അനുമതി. കുറുപ്പന്തറയ്ക്കും ഏറ്റുമാനൂരിനും മധ്യേ കോതനല്ലൂര്‍, കടുത്തുരുത്തി വാലാച്ചിറ എന്നീ റയില്‍വേ ഗേറ്റുകളിലാണ് കോട്ടയം ജില്ലയില്‍ നിര്‍മ്മിക്കുന്ന മേല്‍പ്പാലങ്ങള്‍. എറണാകുളം - കോട്ടയം സെക്ഷനില്‍ ചോറ്റാനിക്കരയ്ക്കു സമീപം കുരീക്കാട് എന്നീ റയില്‍വേ ഗേറ്റിലും പുതിയ മേല്‍പ്പാലത്തിന് അനുമതിയായിട്ടുണ്ട്.
കോതനല്ലൂരിലെ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണചുമതല കേരളാ റയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനാണ്. കടുത്തുരുത്തി, കുരീക്കാട് മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണചുമതല റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനാണ്. കേരളത്തിലെ റയില്‍വേ മേല്‍പ്പാലങ്ങള്‍ ഇതുവരെ പണിതിരുന്നത് സംസ്ഥാനസര്‍ക്കാര്‍ പൊതുമരാമത്ത വകുപ്പിന്റെ ഭാഗമായ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനായിരുന്നു.
സംസ്ഥാനത്ത് അമ്പതിലധികം മേല്‍പാലങ്ങള്‍ പണിയുന്നതിന് ധാരണയായിട്ടുണ്ട്. ഇവയില്‍ 27 പണിയുന്നതിനുള്ള അനുമതി കേരളാ റയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനാണ് ലഭിച്ചിരിക്കുന്നത്. മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാരുമായും റയില്‍വേയുമായും ധാരണാപത്രം ഒപ്പു വെയ്ക്കുന്നതിന് മന്ത്രിസഭാ തീരുമാനം എടുത്തിരുന്നു. 59 ശതമാനം സര്‍ക്കാര്‍ ഫണ്ടും 41 ശതമാനം റയില്‍വേയുടെ ഫണ്ടും ഉപയോഗിച്ചാണ് കേരളാ റയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ നിര്‍മ്മാണപ്രവര്‍ത്തനം നടത്തുക. കണ്ണൂരില്‍ നിന്നും നിലമ്പൂരില്‍ നിന്നും മൈസൂര്‍ക്കുള്ള റയില്‍ പാതയുടെ സര്‍വ്വേയും മറ്റും ചെയ്യുന്നതും റയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനാണ്.
കോട്ടയം റയില്‍വേ സ്‌റ്റേഷന്റെ രണ്ട് വശത്തും മൂലേടം, കുമാരനല്ലൂര്‍ എന്നീ റയില്‍വേ ഗേറ്റുകളില്‍ പണിത പോലെയായിരിക്കും പുതിയ മേല്‍പ്പാലങ്ങളുടെ നിര്‍മ്മിതിയെന്ന് അഡ്വ.കെ.സുരേഷ് കുറുപ്പ് എം.എല്‍.എ പറഞ്ഞു. സ്ഥലമേറ്റെടുക്കുന്നതുള്‍പ്പെടെയുള്ള പ്രാരംഭനടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതാത് തദ്ദേശസ്ഥാപനങ്ങളില്‍ നിര്‍മ്മാണം സംബന്ധിച്ച ഫയലുകള്‍ എത്തിയിട്ടുള്ളതായി റയില്‍വേ അധികൃതര്‍ പറയുന്നു.