12 June, 2019 08:25:20 PM
ഏറ്റുമാനൂരിലെ അക്ഷരമുത്തശ്ശി ഹൈടെക്കാകാന്‍ ഒരുങ്ങുന്നു; പുതിയ മന്ദിരത്തിന് രണ്ടര കോടി
ഏറ്റുമാനൂര്‍: ഒന്നര നൂറ്റാണ്ട് പിന്നിട്ട ഏറ്റുമാനൂര്‍ ഗവ. ഗേള്‍സ് ഹൈസ്കൂള്‍ ഹൈടെക്കാകുന്നു. അതിരമ്പുഴ റോഡില്‍ ഏറെ പഴകിയ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളാണ് ഉന്നതനിലവാരത്തിലുള്ള സൌകര്യങ്ങളോടെ നവീകരണത്തിന് ഒരുങ്ങുന്നത്. ഇതിനായി ബഹുനിലകെട്ടിടം പണിയുന്നതിന് അഡ്വ.കെ.സുരേഷ്കുറുപ്പിന്‍റെ ആസ്തിവികസനഫണ്ടില്‍ നിന്നും ആദ്യഗഡുവായി രണ്ടര കോടി രൂപ അനുവദിച്ചു.
സ്കൂള്‍ വളപ്പില്‍ അഞ്ച് വര്‍ഷം മുമ്പ് അണ്‍ഫിറ്റായി എഴുതിതള്ളിയ പഴയ കെട്ടിടം പൊളിച്ചുനീക്കി ആ സ്ഥാനത്താണ് പുതിയ മൂന്ന് നിലകളുള്ള കെട്ടിടം പണിയുന്നത്. നിലവിലെ ഈ കെട്ടിടം ഏതു സമയത്തും നിലം പൊത്താവുന്ന അവസ്ഥയിലാണ്. പുതിയ മന്ദിരത്തിന്‍റെ നിര്‍മ്മാണചുമതല പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിനാണ്. നടക്കാവ് സ്കൂള്‍ ഹൈടെക്കായ മാതൃകയില്‍ ഏറ്റുമാനൂര്‍ സ്കൂളും മാറ്റിയെടുക്കുക എന്നതാണ് ലക്ഷ്യമെന്ന് പ്രധാനാദ്ധ്യാപിക ഉഷ പറയുന്നു.
1871ല്‍ വെര്‍ണാകുലര്‍ യു പി സ്കൂളായാണ് ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിക്കുന്നത്. 1974ല്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു. അഞ്ച് മുതല്‍ പത്ത് വരെ ക്ലാസുകളാണ് നിലവില്‍ ഇവിടുള്ളത്. ഒട്ടേറെ പ്രതിഭകളെ വാര്‍ത്തെടുത്തിട്ടുള്ള ഈ വിദ്യാലയത്തില്‍ 11 അധ്യാപകരും 4 അനധ്യാപകരും നിലവിലുണ്ട്. സ്വകാര്യ സ്കൂളുകളെ വെല്ലുന്ന രീതിയില്‍ ഹൈടെക്കായി മാറി സൌകര്യങ്ങള്‍ വര്‍ദ്ധിക്കുന്നതോടെ സ്കൂളില്‍ നിലവിലുള്ളതിന്‍റെ പതിന്മടങ്ങ് കുട്ടികള്‍ കൂടുമെന്നാണ് അധ്യാപകര്‍ ചൂണ്ടികാട്ടുന്നത്.