12 June, 2019 02:32:15 PM
കാര്‍ട്ടൂണ്‍ പുരസ്‌കാര വിവാദം: പുനഃപരിശോധിക്കുമെന്ന് മന്ത്രി; വിവാദം അത്യന്തം ഖേദകരമെന്ന് കാര്‍ട്ടൂണ്‍ അക്കാദമി
തിരുവനന്തപുരം: കേരള ലളിതകലാ അക്കദാമിയുടെ ഈ വര്‍ഷത്തെ കാര്‍ട്ടൂണ്‍ അവാര്‍ഡ് പ്രഖ്യാപനത്തെ തള്ളി സാംസ്‌കാരികമന്ത്രി എ.കെ ബാലന്‍. മതപ്രതീകങ്ങളെ അവഹേളിക്കുന്നതാണെന്ന് ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമര്‍ശം. കാര്‍ട്ടൂണിനെ ചൊല്ലിയുള്ള വിവാദത്തില്‍ കഴമ്പുണ്ടെന്നും കാര്‍ട്ടുണിസ്റ്റിന്റെ കഴിവിനെ ചോദ്യം ചെയ്യാനില്ലെന്നും മന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.
അവാര്‍ഡ് നല്‍കിയത് പുനഃപരിശോധിക്കും. അവാര്‍ഡിനര്‍ഹമായ കാര്‍ട്ടൂണ്‍ മതപ്രതീകങ്ങളെ പ്രത്യക്ഷത്തില്‍ അവഹേളിക്കുന്നതാണെന്നു മനസ്സിലാക്കിയാണ് തീരുമാനം. അവാര്‍ഡ് നിര്‍ണയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. തീരുമാനം ജൂറിയുടേതാണെന്നും മന്ത്രി അറിയിച്ചു. പ്രത്യേക മതങ്ങളുമായി ബന്ധപ്പെട്ട പ്രതീകങ്ങളെ അപമാനിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നതിനെ അനുകൂലിക്കുന്നില്ല. എന്നാല്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാനുമില്ല. മുന്‍ വര്‍ഷം പുരസ്‌കാരം കിട്ടിയത് മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കാര്‍ട്ടൂണിനായിരുന്നു. ജേതാവിന് പുരസ്‌കാരം നല്‍കിയത് മുഖ്യമന്ത്രി തന്നെയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ഹാസ്യകൈരളി മാസികയില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പരിഹസിച്ച് വരച്ച കാര്‍ട്ടൂണിനാണ് പുരസ്‌കാരം ലഭിച്ചത്. മതപ്രതീകങ്ങളെ അധിക്ഷേപിക്കുന്ന കാര്‍ട്ടൂണ്‍ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത് അങ്ങേയറ്റം പ്രകോപനപരവും പ്രതിഷേധാര്‍ഹവുമാണെന്ന് കെ.സി.ബി.സി വക്താവ് ഫാ.വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞിരുന്നു. എന്നാല്‍ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ താല്‍പര്യങ്ങളുടെ കണ്ണടകളിലൂടെ നര്‍മത്തെ കാണുന്നതും അധിക്ഷേപിക്കുന്നതും ദുഃഖകരമാണെന്ന് കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി തോമസ് ആന്റണി പ്രസ്താവനയിലൂടെ അറിയിച്ചു. ചിരിവരയുടെ കൈ കെട്ടരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
'കാര്‍ട്ടൂണിന്‍റെ കൈ കെട്ടരുത് - കേരള കാര്‍ട്ടൂണ്‍ അക്കാദമി
കേരള ലളിതകലാ അക്കാദമിയുടെ ഈ വര്‍ഷത്തെ കാര്‍ട്ടൂണ്‍ അവാര്‍ഡിനെ കുറിച്ച് ഉണ്ടായ വിവാദം അത്യന്തം ഖേദകരമാണ്. അവാര്‍ഡ് നിര്‍ണയിച്ചത് കേരളത്തിലെ പ്രമുഖരായ കാര്‍ട്ടൂണിസ്റ്റുകള്‍ ഉള്‍പ്പെട്ട സമിതിയാണ്. അത് അംഗീകരിക്കേണ്ടത് കേരളീയ പൊതു സമൂഹത്തിന്റെ മാന്യതയാണ്. വിമര്‍ശനകലയായ കാര്‍ട്ടൂണിന്റെ കൈ കെട്ടിയാല്‍ അതിന്റെ അര്‍ത്ഥം തന്നെ നഷ്ടമാകും.ഇന്ത്യയിലെത്തന്നെ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളുടെ നാടാണ് കേരളം. തന്റെ കലയിലൂടെ ആരെയും തുറന്ന് വിമര്‍ശിച്ച കുഞ്ചന്‍ നമ്പ്യാരുടെ മഹനീയ പൈതൃകം കേരളത്തിനുണ്ട്. പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിനെ നിരന്തരം വരകളിലൂടെ വിമര്‍ശിക്കാന്‍ സുഹൃത്തു കൂടിയായ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ മടി കാണിച്ചിട്ടില്ല. അതിന്റെ പിന്തുടര്‍ച്ച മലയാളത്തിലെ കാര്‍ട്ടൂണിനുമുണ്ട് എന്നതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു.