10 June, 2019 08:03:29 AM
മനയ്ക്കപ്പാടം അടിപ്പാത തുറന്നു; ഏറ്റുമാനൂര്‍ - അതിരമ്പുഴ റോഡില്‍ ഗതാഗതം പുനരാരംഭിച്ചു
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ അതിരമ്പുഴ റോഡിലൂടെ ഗതാഗതം പുനരാരംഭിച്ചു. മനയ്ക്കപ്പാടം അടിപ്പാത നവീകരണത്തെ തുടര്‍ന്ന് മാസങ്ങള്‍ക്കു മുമ്പ് ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 7.30 മുതലാണ് ഇതു വഴി വാഹനങ്ങള്‍ കടത്തി വിട്ടു തുടങ്ങിയത്.
പാത ഇരട്ടിപ്പിക്കലിന്‍റെയും ഏറ്റുമാനൂര്‍ സ്റ്റേഷന്‍ നവീകരണത്തിന്‍റെയും ഭാഗമായി ഈ ഭാഗത്ത് നാല് വരി റയില്‍ പാത വരേണ്ടതുകൊണ്ടാണ് മനയ്ക്കപ്പാടം റയില്‍വേ അടിപ്പാതയുടെ മേല്‍പ്പാലം പൊളിച്ചു നീക്കിയത്. പാലം പുതുക്കി പണിയുന്നതിനായി അടിപ്പാതയുടെ മുകളിലുള്ള പാലം കഴിഞ്ഞ ഡിസംബര്‍ 12ന് പൊളിച്ചു നീക്കിയിരുന്നു എങ്കിലും അതിരമ്പുഴ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചത് ജനുവരി 28 മുതലാണ്.
7.5 മീറ്റര്‍ വീതിയില്‍ 65 മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്ന അടിപ്പാതയുടെ ഇരുവശവും ഓടയും അതിനുമുകളിലായി സ്ലാബിട്ട് കാല്‍നടയാത്രക്കാര്‍ക്കായി നടപ്പാതയും സജ്ജീകരിച്ചിട്ടുണ്ട്. നാല് റയില്‍പാളങ്ങളാണ് പുതിയ അടിപ്പാതയുടെ മുകളിലൂടെ കടന്നു പോകുന്നത്. 4.5 മീറ്റര്‍ പൊക്കമുള്ള അടിപ്പാതയിലൂടെ ഉയരം കൂടിയ വാഹനങ്ങള്‍ കടന്നുപോകാതിരിക്കാന്‍ ഇരുവശത്തും 'ഹൈറ്റ് ഗേജും' ഘടിപ്പിച്ചിട്ടുണ്ട്.