08 June, 2019 04:01:50 PM
ബാലഭാസ്കറിന്‍റെ വാഹനമോടിച്ചത് അർജുന്‍; വേറെ പണമിടപാടുകളില്ലെന്നും പ്രകാശ് തമ്പിയുടെ മൊഴി
തിരുവനന്തപുരം: ബാലഭാസ്കറിന്‍റെ കാര്‍ അപകടത്തില്‍പെട്ടപ്പോള്‍ വാഹനം ഓടിച്ചത് അർജുനാണെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി പ്രകാശ് തമ്പി. ആശുപത്രിയിൽ കിടന്നപ്പോൾ ഇക്കാര്യം അർജുൻ തന്നോട് പറഞ്ഞിരുന്നു. എന്നാൽ മൊഴി മാറ്റിയ ശേഷം അർജുൻ തന്നെ പിന്നെ വിളിച്ചിട്ടില്ലെന്നും പ്രകാശ് തമ്പി വ്യക്തമാക്കി. ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ഹരികൃഷ്ണൻ ജയിലിലെത്തി എടുത്ത മൊഴിയിലാണ് പ്രകാശ് തമ്പിയുടെ വെളിപ്പെടുത്തൽ.
തനിക്ക് സ്വർണക്കടത്തിൽ ബന്ധമില്ലെന്ന മൊഴി പ്രകാശ് തമ്പി ആവർത്തിച്ചു. വിഷ്ണുവിന്‍റെ ബിസിനസ് ബന്ധങ്ങൾക്ക് വേണ്ടി മാത്രമാണ് ദുബായിൽ പോയത്. വിഷ്ണു വഴിയാണ് ബാലഭാസ്കറിനെ പരിചയപ്പെടുന്നതെന്നാണ് പ്രകാശ് തമ്പിയുടെ മൊഴി. വിഷ്ണു ജിമ്മിൽ വച്ചാണ് ബാലഭാസ്കറിനെ കണ്ടുമുട്ടിയത്. പിന്നീടിത് നല്ല സൗഹൃദമായി. വിഷ്ണുവും ബാലഭാസ്കറുമായി നല്ല സൗഹൃദമായിരുന്നെന്നും പ്രകാശ് തമ്പി മൊഴി നൽകി.
2013-ലും 2014-ലും ബാലഭാസ്കറിനൊപ്പം ദുബായിൽ ഷോ നടത്താനായി പോയിരുന്നു. ബാലഭാസ്കറിന്‍റെ പരിപാടികൾ താൻ സംഘടിപ്പിക്കാറുണ്ടായിരുന്നു. ഓരോ പരിപാടികൾ കഴിയുമ്പോഴും പതിനായിരമോ, പതിനയ്യായിരമോ രൂപ ബാലഭാസ്കർ തരും. അതല്ലാതെ തനിക്ക് ബാലഭാസ്കറുമായി യാതൊരു പണമിടപാടുകളും ഉണ്ടായിരുന്നില്ലെന്നും പ്രകാശ് തമ്പി പറയുന്നു.
അപകടത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നപ്പോൾ അവരുടെ എടിഎം കാർഡുകളും ക്രെഡിറ്റ് കാർഡുകളും തന്‍റെ പക്കലായിരുന്നു. പിന്നെ അതെല്ലാം ലക്ഷ്മിക്ക് തിരികെ നൽകി. എന്തിനായിരുന്നു ബാലഭാസ്കറും കുടുംബവും കൊല്ലത്ത് നിർത്തി ജ്യൂസ് കുടിക്കുന്ന ദൃശ്യങ്ങളുള്ള സിസിടിവിയുടെ ഹാർഡ് ഡിസ്ക് പ്രകാശ് തമ്പി പരിശോധിച്ചത് എന്ന ചോദ്യത്തിന് താനല്ല വണ്ടിയോടിച്ചതെന്ന് അർജുൻ മൊഴി മാറ്റിയപ്പോഴാണ് സിസിടിവി പരിശോധിച്ചതെന്നായിരുന്നു മറുപടി. എന്നാൽ ഒന്നും കിട്ടിയില്ലെന്നും പ്രകാശ് തമ്പി വ്യക്തമാക്കി.