07 June, 2019 07:28:08 PM
സര്‍ക്കാര്‍ കുപ്പിവെള്ളത്തിന് ഡിമാന്‍റ് ഏറുന്നു; 10 രൂപയുടെ കുപ്പിവെള്ളം വാങ്ങാന്‍ വന്‍തിരക്ക്
കോട്ടയം: പത്ത് രൂപയ്ക്ക് കുപ്പിവെള്ളം ലഭ്യമാക്കി കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചറല്‍ ഡവലപ്‌മെന്‍റ് കോര്‍പ്പറേഷന്‍റെ ഫാക്ടറി ഔട്ട്‌ലെറ്റുകള്‍ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങി. കുപ്പികളില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്‍റെ വില നിയന്ത്രിക്കുന്നുവെന്ന സര്‍ക്കാര്‍ വാഗ്ദാനം എങ്ങുമെത്താതെ നില്‍ക്കുമ്പോഴാണ് വിപണി വിലയുടെ പകുതി വിലയ്ക്ക് കുടിവെള്ളം ഈ കേന്ദ്രങ്ങളില്‍ ലഭ്യമാക്കുന്നത്. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് പത്ത് രൂപയാണ് ഇവിടെ വില. തണുപ്പിച്ച വെള്ളത്തിന് 12 രൂപയും.
കോട്ടയം ജില്ലയില്‍ ചങ്ങനാശേരിയിലാണ് ആദ്യം കമ്പനിയുടെ വിതരണകേന്ദ്രം ആരംഭിച്ചത്. മൂന്ന് മാസം മുമ്പ് എറണാകുളം റോഡില്‍ കോതനല്ലൂരിന് സമീപം കളത്തൂരിലും ഒരാഴ്ച മുമ്പ് ഏറ്റുമാനൂര്‍ പാറോലിക്കലില്‍ എം.സി.റോഡരികിലും ഇവരുടെ വിതരണകേന്ദ്രം ആരംഭിച്ചു. 2015 ഏപ്രിലില്‍ തൊടുപുഴയില്‍ നിന്നും വിപണനം ആരംഭിച്ച ഹില്‍ അക്വാ കുടിവെള്ളം പാലായിലെ മൊത്തവിതരണക്കാര്‍ വഴിയാണ് ചില്ലറവില്‍പ്പന കേന്ദ്രങ്ങളില്‍ എത്തുന്നത്. വാഹനയാത്രികര്‍ ഉള്‍പ്പെടെ കുപ്പിവെള്ളം വാങ്ങാനെത്തുവരുടെ തിരക്ക് ദിവസേന കൂടിവരിയാണിവിടെ.
20 രൂപാ മുതല്‍ 50 രൂപാ വരെ വിലയ്ക്കാണ് സ്വകാര്യകമ്പനികള്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഒരു ലിറ്റര്‍ കുപ്പിവെള്ളം വില്‍ക്കുന്നത്. തണുത്ത വെള്ളം വേണമെങ്കില്‍ 5 രൂപാ കൂടുതല്‍ കൊടുക്കുകയും വേണം. എന്തിനും ഏതിനും കുപ്പിവെള്ളത്തെ ആശ്രയിക്കുന്ന മലയാളികള്‍ക്കിടയിലേക്ക് ഹിമാചല്‍ പ്രദേശില്‍ നിന്നും എത്തിയ വെള്ളത്തിന് ലിറ്ററിന് 50 രൂപയാണ് ഈടാക്കുന്നത്.
ഹിമാചലില്‍ സോളന്‍ ജില്ലയിലെ മഹോദര്‍ ബിവറേജസ് ഉത്പാദിപ്പിക്കുന്ന മിനറല്‍ വാട്ടര്‍ കേരളത്തില്‍ വിറ്റഴിക്കുന്നത് ഇവരുടെ തന്നെ ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള കോഫീ ഡേ ഗ്ലോബല്‍ ലിമിറ്റഡ് എന്ന കമ്പനി. ഇവരുടെ രാജ്യത്താകമാനമുള്ള കോഫീ ഷോപ്പ് ശൃംഖലയിലൂടെയാണ് കുടിവെള്ളവിതരണം. തുടക്കത്തില്‍ സ്വന്തം കടകളില്‍ മാത്രമാണ് എങ്കിലും ഭാവിയില്‍ ഈ വിലകൂടിയ വെള്ളം കേരളാ വിപണിയിലാകമാനം എത്തിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. അര ലിറ്റര്‍ കുപ്പിയില്‍ നിറച്ച വെള്ളത്തിന് 25 രൂപയാണ് ഇവര്‍ ഈടാക്കുന്നത്.
റയില്‍വേ കാറ്ററിംഗ് സര്‍വ്വീസ് ലിറ്ററിന് 15 രൂപയ്ക്കാണ് കുപ്പിവെള്ളം ലഭ്യമാക്കുന്നത്. എന്നാല്‍ കഴിഞ്ഞയിടെ നടന്ന പരിശോധനകളില്‍ സ്വകാര്യകമ്പനികള്‍ വിറ്റഴിക്കുന്ന കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയ ഉള്‍പ്പെടെ രോഗാണുക്കളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഗുണനിലവാരം കുറഞ്ഞത് എന്ന് കണ്ടെത്തിയിട്ടും യാതൊരു നിയന്ത്രണവുമില്ലാതെ ഇത്തരം കുപ്പിവെള്ളം ഇപ്പോഴും മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന സാഹചര്യത്തിലാണ് 'സര്‍ക്കാര്‍ കുപ്പിവെള്ളം 10 രൂപ' എന്ന ബോര്‍ഡുമായി കെഐഐഡിസിയുടെ വിതരണകേന്ദ്രങ്ങള്‍ കേരളത്തില്‍ വ്യാപകമാകുന്നത്.