06 June, 2019 04:04:15 PM
സ്വര്‍ണ്ണക്കടത്ത്: സെറീന ഷാജിക്ക് പാക്കിസ്ഥാന്‍ ബന്ധം; എന്‍.ഐ.എയും റോയും അന്വേഷിക്കുന്നു
ബാലഭാസ്‌കറുമായി അടുത്ത ബന്ധമുണ്ടായിരുന്ന പ്രകാശന്‍ തമ്പിയ്ക്കും വിഷ്ണുവിനും സ്വര്‍ണ്ണക്കടത്തില്‍ നിര്‍ണായക പങ്ക്
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസ് എന്‍.ഐ.എയും റോയും അന്വേഷിക്കുന്നു. സ്വര്‍ണ്ണക്കടതത് കേസില്‍ അറസ്റ്റിലായ സെറീന ഷാജിക്ക് പാക്കിസ്ഥാന്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം. ദുബായിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയാണ് സെറീന ഷാജി. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഡി.ആര്‍.ഐ നടത്തിയ അന്വേഷണത്തിലാണ് സെറീന ഷാജിയുടെ പാക് ബന്ധം കണ്ടെത്തിയത്.
സെറീന ഷാജിക്ക് സ്വര്‍ണ്ണക്കടത്ത് സംഘത്തെ പരിചയപ്പെടുത്തി കൊടുത്തത് പാക്കിസ്ഥാന്‍കാരനായ നദീം ആണെന്ന് കണ്ടെത്തിയിരുന്നു. ഇയാളാണ് സെറീനയുടെ ബ്യുട്ടി പാര്‍ലറിലേക്ക് കോസ്മറ്റിക്കുകള്‍ നല്‍കിയിരുന്നത്. സ്വര്‍ണ്ണക്കടത്ത് സംഘത്തെ ദുബായിയില്‍ നിയന്ത്രിച്ചിരുന്ന ജിത്തുവും നദീകും സുഹൃത്തുക്കളാണെന്നും സെറീന ഡി.ആര്‍.ഐയ്ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു. ഈ പശ്ചാത്തലത്തിലാണ് സ്വര്‍ണക്കടത്തിനെക്കുറിച്ച് റോയും എന്‍.ഐ.എയും അന്വേഷിക്കുന്നത്. ദേശസുരക്ഷയെ ബാധിക്കുന്ന കേസായതിനാല്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും ഡി.ആര്‍.ഐ ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ സി.ബി.ഐ തിരുവനന്തപുരത്തെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറിന്‍റെ വിശദാംശങ്ങള്‍ പുറത്തു വന്നു. നേരത്തെ ഡി.ആര്‍.ഐ അറസ്റ്റ് ചെയ്ത കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനെ ഉള്‍പ്പെടെ പ്രതിയാക്കിക്കൊണ്ടാണ് സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. കസ്റ്റംസ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തല്‍.
തിരുവനന്തപുരം വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ പ്രതികള്‍ 25 കോടിയുടെ സ്വര്‍ണം കടത്തിയെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. അന്തരിച്ച സംഗീതജ്ഞന്‍ ബാലഭാസ്‌കറുമായി അടുത്ത ബന്ധമുണ്ടായിരുന്ന പ്രകാശന്‍ തമ്പിയ്ക്കും വിഷ്ണുവിനും സ്വര്‍ണ്ണക്കടത്തില്‍ നിര്‍ണായക പങ്കുണ്ടെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. മൊത്തം ഒന്‍പത് പ്രതികളാണ് കേസിലുള്ളത്. കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനാണ് ഒന്നാം പ്രതി.