05 June, 2019 09:14:41 PM
ഇടിമിന്നല്‍: മലപ്പുറം നിലമ്പൂരിലും കൊല്ലം അഞ്ചലിലുമായി രണ്ട് മരണം; ഒട്ടേറെ പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടിടങ്ങളിലായി ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു. മലപ്പുറത്ത് നിലമ്പൂരിലും കൊല്ലത്ത് അഞ്ചലിലുമാണ് ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചത്. അഞ്ചൽ കോട്ടുക്കലിൽ ദേവിസദനത്തിൽ വിശ്വനാഥപിള്ള (65) എന്നയാളാണ് ഇടിമിന്നലേറ്റ് മരിച്ചത്. വയലിൽ പണിയെടുക്കുന്നതിനിടയിലാണ് മിന്നലേറ്റത്. നിലമ്പൂരിനടുത്ത് ചോക്കാട് ഇടിമിന്നലേറ്റ് മോഹനന്‍ (65) എന്നയാളാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ചേന്നന്‍ എന്നയാള്‍ക്ക് പരിക്കേറ്റു.
മുന്‍ ഓയില്‍ പാം ഇന്ത്യ ജീവനക്കാരനായിരുന്നു വിശ്വനാഥന്‍ പിള്ള. ഭാര്യ പ്രഭാവതിയമ്മ. മക്കള്‍ - പ്രവിത്ത് (കുവൈറ്റ്), പ്രവീണ്‍, മരുമക്കള്‍ - സരിത, മഞ്ജു. സംസ്കാരം നാളെ വീട്ടു വളപ്പില്‍ നടക്കും.
മലപ്പുറം മേലാറ്റൂരിൽ ഇടിമിന്നലേറ്റ് അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. കേരളത്തിൽ നാളെ മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വേനൽ മഴയോടനുബന്ധിച്ച് വൈകുന്നേരം നാല് മണി മുതൽ രാത്രി 10 മണി വരെ ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ടെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് നിർദ്ദേശം നൽകി.