04 June, 2019 04:55:32 PM
കാണാതായി 24 മണിക്കൂര്‍ കഴിഞ്ഞിട്ടും എയര്‍ഫോഴ്‌സ് വിമാനത്തെക്കുറിച്ച് സൂചനയില്ല
ദില്ലി: കാണാതായി 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനത്തെക്കുറിച്ച് സൂചനയില്ല. എയര്‍ഫോഴ്‌സിന്റെ എ.എന്‍-32 വിഭാഗത്തിലുള്ള വിമാനം ഇന്നലെയാണ് കാണാതായത്. അസമിലെ ജോര്‍ഹട്ടില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം 35 മിനിറ്റിന് ശേഷം കാണാതാവുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.25നാണ് വിമാനം യാത്ര പുറപ്പെട്ടത്. ഒരു മണിയോടെ ഗ്രൗണ്ട് സ്റ്റാഫുമായുള്ള ബന്ധം നഷ്ടപ്പെട്ടു.
പൈലറ്റ് അടക്കം 15 എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വിമാനത്തിലുണ്ടായിരുന്നു. ഇന്ത്യന്‍ നാവിക സേനയുടെ ദീര്‍ഘദൂര നിരീക്ഷണ ശേഷിയുള്ള പി 8 ഐ വിമാനം ഉപയോഗിച്ചാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. തമിഴ്‌നാട്ടിലെ ആരക്കോണത്തെ ഐ.എന്‍.എസ് രജാലിയില്‍ നിന്ന് പി8ഐ വിമാനം ഇന്ന് ഉച്ചയോടെ പുറപ്പെട്ടു. പി8ഐ വിമാനം തിരിച്ചിലിനായി പുറപ്പെട്ടിട്ടുണ്ടെന്ന് നാവികസേന ട്വിറ്ററില്‍ സ്ഥിരീകരിച്ചു.
വിമാനം കണ്ടെത്താന്‍ കരസേനയും സജീവമായി രംഗത്തുണ്ട്. അരുണാചല്‍പ്രദേശിലെ മെചുക എയര്‍ഫീല്‍ഡിലേക്കുള്ള യാത്രാ മദ്ധ്യേയാണ് എയര്‍ഫോഴ്‌സ് വിമാനം കാണാതായത്. ഇതിനിടെ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും വാര്‍ത്ത തെറ്റാണെന്ന് വ്യോമസേന വ്യക്തമാക്കിയിരുന്നു