02 June, 2019 03:42:50 PM
കാൻസർ സ്ഥിരീകരിക്കാതെ യുവതിക്ക് കീമോതെറാപ്പി നടത്തി കോട്ടയം മെഡിക്കൽ കോളേജ്; ചതിച്ചത് ലാബ് റിപ്പോർട്ട്
പന്തളം: പന്തളത്തിനടുത്ത് കുടശനാട് സ്വദേശിനിയായ യുവതിക്ക് കാൻസർ സ്ഥിരീകരിക്കാതെ കോട്ടയം മെഡിക്കൽ കോളേജിൽ കീമോതെറാപ്പി നടത്തി. സ്വകാര്യ ലാബിലെ പരിശോധനാ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു കീമോ തെറാപ്പി. പ്രാഥമിക പരിശോധനകളിൽ ക്യാൻസറുണ്ടെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കീമോ നടത്തിയതെന്നാണ് മെഡിക്കൽ കോളേജ് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിനു നിര്‍ദേശം നല്‍കി.
മാറിടത്തിലുണ്ടായ മുഴ കാൻസറാണെന്ന സംശയത്തെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് രജനി കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയ്ക്കെത്തിയത്. പരിശോധനയ്ക്കായി ശേഖരിച്ച സാംപിളുകളിൽ ഒരെണ്ണം മെഡിക്കൽ കോളജ് പതോളജി ലാബിലും മറ്റൊന്ന് ഡയനോവാ ലാബിലേക്കും നൽകി. കാൻസറുണ്ടെന്ന, ലാബിലെ പരിശോധനാ ഫലത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡോക്ടർമാർ ചികിൽസ തുടങ്ങുകയും രജനിയെ കീമോതെറാപ്പിക്ക് വിധേയയാക്കുകയും ചെയ്തത്. ആദ്യ കീമോതെറാപ്പിക്കുശേഷമാണ് കാൻസറില്ലെന്ന പതോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചത്. വീഴ്ച ബോധ്യപ്പെട്ടതോടെ സ്വകാര്യലാബിൽ നൽകിയ സാംപിളും ഡോക്ടർമാരുടെ നിർദേശപ്രകാരം തിരികെ വാങ്ങി പതോളജി ലാബിലും തിരുവനന്തപുരം ആര്‍സിസിയിലും പരിശോധിച്ചെങ്കിലും കാൻസർ കണ്ടെത്താനായില്ല.
കോട്ടയം മെഡിക്കൽ കോളജിൽ മുഴ നീക്കം ചെയ്തെങ്കിലും വസ്ത്രവ്യാപാരസ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന രജനിയുടെ ജോലി നഷ്ടമായി. കടുത്ത ആരോഗ്യ പ്രശ്നങ്ങളും യുവതി നേരിടുന്നുണ്ട്. കുടുംബത്തിന്‍റെ വരുമാനമാര്‍ഗവും വഴി മുട്ടി. ക്ലിനിക്കൽ പരിശോധനയിലും, മാമോഗ്രാമിലും, ട്രൂകട്ട് ബയോപ്സിയിലും രജനിക്ക് കാൻസറുണ്ടെന്നാണ് റിപ്പോർട്ട് ലഭിച്ചതെന്നും സ്ഥിതി ഗുരുതരമാക്കുന്നതിന് മുൻപ് ചികിൽസ ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നുമാണ് കോട്ടയം മെഡിക്കൽ കോളേജിന്‍റെ വിശദീകരണം.