31 May, 2019 08:02:15 PM
രാജ്യത്തെ തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കില്‍; പൂഴ്ത്തി വച്ച റിപ്പോര്‍ട്ട് പുറത്ത്
ദില്ലി: രാജ്യത്തെ തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കില്‍ എത്തിയെന്ന വിവാദ റിപ്പോര്‍ട്ട് പുറത്തുവിട്ടു. സാംപിള്‍ സര്‍വേ ഓഫീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ തെരഞ്ഞെടുപ്പിന് മുമ്പ് ചോര്‍ന്ന് പുറത്തുവന്നതും റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചതും വിവാദമായിരുന്നു. രണ്ടാം മോഡി മന്ത്രിസഭ അധികാരമേറ്റ അന്ന് തന്നെയാണ് വിവാദ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനമാണ്. 45 വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കാണിത്. റിപ്പോര്‍ട്ടിലെ കണക്കുകള്‍ പ്രകാരം നാഗരിക മേഖലയിലെ 7.8 ശതമാനം യുവതീ-യുവാക്കളും ഗ്രാമീണ മേഖലയിലെ 5.3 ശതമാനം പേരും തൊഴില്‍രഹിതരാണ്. യുവാക്കളില്‍ 6.2 ശതമാനം പേരും യുവതികളില്‍ 5.7 ശതമാനം പേരും തൊഴില്‍രഹിതരാണ്. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ അംഗീകരിച്ച റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ പ്രതിഷേധിച്ച് സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാനും മലയാളിയുമായ പി.സി മോഹനന്‍, കമ്മീഷന്‍ അംഗം ജെ.വി മീനാക്ഷി എന്നിവര്‍ രാജിവച്ചിരുന്നു