31 May, 2019 07:04:02 PM
കര്‍ണാടകയില്‍ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് : തകര്‍ന്നടിഞ്ഞ് ബിജെപി; കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം
ബംഗളുരു: കര്‍ണാടകയില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍വിജയം. ഫലം പുറത്തു വന്നത് പ്രകാരം കോണ്‍ഗ്രസ് 508 വാര്‍ഡുകളിലും ബിജെപി 366 വാര്‍ഡുകളിലും ജെഡിഎസ് 173 സീറ്റുകളിലുമാണ് വിജയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മേയ് 29 നായിരുന്നു കര്‍ണാടകയില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്.
കോണ്‍ഗ്രസും ജെഡിഎസും സഖ്യമായാണ് ബിജെപിക്കെതിരെ മത്സരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ 28ല്‍ 25 സീറ്റുകളും നേടി വലിയ വിജയം സ്വന്തമാക്കിയ ബിജെപി പിന്നിലാണ്. എട്ട് സിറ്റി മുന്‍സിപ്പാലിറ്റി കോര്‍പ്പറേഷനുകളിലെ 1361 വാര്‍ഡുകളിലേക്കും 33 ടൗണ്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും 22 താലൂക്ക് പഞ്ചായത്തുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
എല്ലാ സിറ്റി മുനിസിപ്പാലിറ്റികളിലും ടൗണ്‍ മുനിസിപ്പാലിറ്റികളിലും കോണ്‍ഗ്രസ് മുന്നേറ്റം നടത്തിയപ്പോള്‍ പഞ്ചായത്തുകളില്‍ മാത്രമാണ് ബിജെപി തിളങ്ങിയത്. ഫലമറിയാനുള്ള സീറ്റുകളിലും വലിയ മുന്നേറ്റമാണ് കോണ്‍ഗ്രസും ജെഡിഎസും നടത്തുന്നത്. വൈകുന്നേരത്തോടെ തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായും പ്രഖ്യാപിക്കും.