28 May, 2019 04:14:50 PM


ടിക്കറ്റ് ഉറപ്പാക്കിയ വിമാനത്തിൽ യാത്രക്കാർക്ക് സീറ്റ് നിഷേധിച്ച് ഇന്‍ഡിഗോ; പരാതിയുമായി യാത്രക്കാര്‍



ദില്ലി: ടിക്കറ്റ് ഉറപ്പാക്കിയ വിമാനത്തിൽ യാത്രക്കാർക്ക് സീറ്റ് നിഷേധിച്ചതായി പരാതി. ഇന്ന് രാവിലെ ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാർക്കാണ് ഇന്‍ഡിഗോ വിമാന സർവ്വീസ് അധികൃതർ യാത്ര നിഷേധിച്ചത്. ദില്ലിയിൽ നിന്ന് ഹൈദരാബാദിലേക്ക് പോകാനുള്ള ടിക്കറ്റുമായെത്തിയ കോഴിക്കോട് സ്വദേശി ജോയ് സെബാസ്റ്റ്യനും ബന്ധുവിനുമാണ് ദുരനുഭവമുണ്ടായത്. ഈ മാസം 16ന് ബുക്ക് ചെയ്ത് ഉറപ്പിച്ച ടിക്കറ്റുമായാണ് യാത്രയ്ക്ക് രണ്ട് പേരും ദില്ലി വിമാനത്താവളത്തിലെത്തിയത്.


ഓവർ ബുക്കിംഗ് കാരണം ജോയിയുടേതുൾപ്പെടെ ഏഴ് പേരുടെ ടിക്കറ്റുകൾ റദ്ദാക്കിയെന്നായിരുന്നു ഇൻഡിഗോ ജീവനക്കാർ അറിയിച്ചത്. ഉറപ്പായ ടിക്കറ്റുകൾ തിരക്കുള്ള സീസണിൽ മറിച്ചു വില്‍ക്കുകയാണെന്നാണ് യാത്രക്കാരുടെ ആരോപണം. ബഹളത്തിനൊടുവില്‍ വൈകിട്ട് മുംബൈ വഴി ഹൈദരാബാദിലേക്ക് പോവുന്ന വിമാനത്തില്‍ പകരം ടിക്കറ്റ് നല്‍കി. എന്നാൽ ഭക്ഷണം പോലും നൽകാതെ യാത്ര നിഷേധിച്ച നടപടിക്കെതിരെ ഡിജിസിഎയ്ക്ക് പരാതി നല്കാനാണ് യാത്രക്കാരുടെ തീരുമാനം. സീസൺ സമയത്ത് ഉയർന്ന നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്കടക്കം യാത്ര നിഷേധിക്കുന്നത് വലിയ പ്രതിഷേധത്തിനിടയാക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K