25 May, 2019 02:01:44 AM
നാഗമ്പടം പഴയ മേൽപ്പാലം പൊളിച്ചുതുടങ്ങി; കോട്ടയം വഴി ട്രയിൻ ഗതാഗതം നിലച്ചു
കോട്ടയം: നാഗമ്പടത്തെ പഴയ മേൽപാലം പൊളിക്കാനുള്ള ശ്രമം ആരംഭിച്ചു. ശനിയാഴ്ച വെളുപ്പിനെ 12.30 മണിയോടെയാണ് പാലം മുറിച്ചു മാറ്റുന്ന ജോലികൾ ആരംഭിച്ചത്. ഞായറാഴ്ച വെളുപ്പിന് വരെ ജോലി തുടരും. പാലം പൊളിക്കുന്നത് പ്രമാണിച്ച് കോട്ടയം വഴി ട്രയിൻ ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്.
കഴിഞ്ഞ മാസം നിയന്ത്രിത സ്ഫോടനത്തിലൂടെ പാലം തകര്‍ക്കാനുള്ള രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. അന്ന് താത്ക്കാലികമായി ഉപേക്ഷിച്ച ശ്രമം ഇന്ന് മറ്റൊരു തരത്തിൽ തുടരുകയാണ്. നിയന്ത്രിത സ്ഫോടനത്തിനു പകരം യന്ത്രങ്ങൾ ഉപയോഗിച്ച് പാലം പല കഷണങ്ങളായി മുറിച്ചു മാറ്റുകയാണ് ചെയ്യുന്നത്.
കോട്ടയം വഴി പോകേണ്ട ദീര്‍ഘദൂര ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ച് വിട്ടിരിക്കുകയാണ്. ഏതാനും ട്രയിനുകൾ റദ്ദാക്കി. ശനിയാഴ്ച വെളുപ്പിനെ 12.30 മുതൽ ഞായറാഴ്ച വെളുപ്പിനെ 12.30 വരെയാണ് ഗതാഗത നിയന്ത്രണം. ഈ സമയം കൊണ്ട് പാലം പൂർണ്ണമായി പൊളിച്ചു നീക്കാനാവുമെന്നാണ് കരുതുന്നത്.
ഏറ്റുമാനൂർ അതിരമ്പുഴ റോഡിലെയും നീണ്ടൂർ റോഡിലെയും പാലങ്ങൾ പൊളിച്ചു നീക്കിയ പ്രക്രിയ തന്നെയാണ് നാഗമ്പടത്തും. ബ്ലയിഡുകൾ ഉപയോഗിച്ച് പാലം പല കഷണങ്ങളാക്കി മുറിച്ച് ക്രയിനുകളുപയോഗിച്ച് നീക്കം ചെയ്യുകയാണ്. രണ്ട് ക്രയിനുകൾ ഇതിനായി നേരത്തെ തന്നെ എത്തിയിരുന്നു.
1953ലാണ് നാഗമ്പടം പാലം നിർമ്മിക്കുന്നത്. കോട്ടയം പാത വൈദ്യുതീകരിച്ചപ്പോൾ ചെറുതായൊന്നുയർത്തി. എന്നാൽ പാലത്തിന് വീതി കുറവായതിനാൽ കോടതി ഉത്തരവ് പ്രകാരം ഇവിടം വേഗത കുറച്ചാണ് ട്രെയിനുകൾ കടത്തിവിട്ടിരുന്നത്. പാത ഇരട്ടിപ്പിക്കുന്നതിന്‍റെ ഭാഗമായി പുതിയ പാലം നിർമ്മിച്ചതിനെ തുടർന്നാണ് പഴയ പാലം പൊളിക്കാന്‍ തീരുമാനിച്ചത്. പഴയ പാലം പൊളിച്ചുമാറ്റിയാല്‍ മാത്രമേ ഇതുവഴി പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ പൂര്‍ണ്ണമാക്കാനാവു.