24 May, 2019 10:14:56 PM
സൂറത്തിലെ ബഹുനില കെട്ടിടത്തില്‍ അഗ്നിബാധ: മരിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം 19 ആയി
സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ ഇന്ന് വൈകിട്ട് ഉണ്ടായ വൻ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. സർതാന മേഖലയിലെ ബഹുനിലകെട്ടിടത്തിലാണ് തീ പിടിച്ചത്. മുകളിലത്തെ രണ്ട് നിലകൾ വിദ്യാർത്ഥികളുടെ പരിശീലന കേന്ദ്രമായിരുന്നു. ഇവിടേക്കാണ് തീ ആളിപടർന്നത്. 18 വയസിന് താഴെയുള്ള 35 വിദ്യാർത്ഥികളാണ് ഈ സമയം ഉണ്ടായിരുന്നത്. തീപിടിക്കുന്നത് ശ്രദ്ധയിൽ പെട്ട ഉടൻ വിദ്യാർത്ഥികൾ കെട്ടിടത്തിൽ നിന്ന് താഴെക്ക് ചാടിയത് ദുരന്തത്തിന്‍റെ ആക്കം കൂട്ടി.
അഗ്നിശമന സേനയുടെ 18 യൂണിറ്റുകൾ സ്ഥലത്തെത്തി. ഇവര്‍ സുരക്ഷിതമായ സജ്ജീകരണങ്ങൾ ഒരുക്കിയതോടെ മറ്റു വിദ്യാർത്ഥികളും താഴെക്ക് ചാടി രക്ഷപ്പെട്ടു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അന്വേഷണത്തിന് ഉത്തരവിട്ടു. വിദ്യാർത്ഥികൾക്ക് ചികിത്സ നൽകാൻ എയിംസിൽ നിന്നുള്ള ഡോക്ടർമാരുടെ വിദഗ്ധ സംഘത്തെയും സൂറത്തിലെ ആശുപത്രികളിൽ നിയോഗിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കൊപ്പമാണ് മനസെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. രാഹുൽ ഗാന്ധിയും, ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും അനുശോചനം രേഖപ്പെടുത്തി.