24 May, 2019 12:03:38 PM


ദേശീയതലത്തിൽ തകര്‍ന്നടിഞ്ഞ് സിപിഎം; കേരളത്തില്‍ കേരളാ കോണ്‍ഗ്രസും സിപിഎമ്മും തുല്യം



ദില്ലി: പശ്ചിമബംഗാളിൽ ആകെയുണ്ടായിരുന്ന രണ്ട് സീറ്റ് പോലും നിലനിര്‍ത്താനാകാതെ ദേശീയതലത്തിൽ തകര്‍ന്നടിഞ്ഞ് സിപിഎം. ഇതോടെ സിപിഎമ്മി‍ന്‍റെ ദേശീയ പാര്‍ട്ടി പദവിയും നഷ്ടമാകാനാണ് സാധ്യത. ബംഗാളിലും തൃപുരയിലും തകര്‍ന്നടിഞ്ഞ സിപിഎം തമിഴ്നാട്ടില്‍ നിന്ന് ലഭിച്ച എം പി സ്ഥാനങ്ങളിലൂടെ പ്രതിസന്ധി മറികടക്കാനാകുമെന്നാണ് വിലയിരുത്തുന്നത്. 


ഈ തെരഞ്ഞെടുപ്പോടെ ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷ പാര്‍ട്ടികളുടെ സാന്നിധ്യം ഏതാണ്ട് ഇല്ലാതാവുകയാണ്. കേരളത്തിൽ കിട്ടിയ ഒരു സീറ്റും തമിഴ്നാട്ടിൽ കിട്ടുന്ന 4 സീറ്റും മാത്രമാണ് ലോക്സഭയിലെ ഇടത് പ്രാതിനിധ്യം. പശ്ചിമബംഗാളിലെ സിപിഎം വോട്ട് ഏഴ് ശതമാനത്തിൽ താഴെയായി. ഇവിടെ 15 ശതമാനത്തോളം വോട്ട് ബിജെപിയിലേക്ക് ചോര്‍ന്നതായാണ് വിലയിരുത്തല്‍.  കേരളത്തില്‍ കേരളാ കോണ്‍ഗ്രസിനൊപ്പം തരം താഴ്ന്ന അവസ്ഥയിലാണ് സിപിഎം എങ്കില്‍ സിപിഐ ആകട്ടെ വട്ട പൂജ്യമായി.


സിപിഐക്ക് ഒരു ശതമാനം പോലും വോട്ടില്ലാത്ത സ്ഥിതിയാണുള്ളത്. സിപിഎമ്മിന്‍റെ സിറ്റിംഗ് സീറ്റുകളായ റായ്ഗഞ്ചും മൂര്‍ഷിദാബാദും ഇത്തവണ നഷ്ടമായി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തിരിച്ചുവരാനാകാത്ത വിധം തകര്‍ന്നടിഞ്ഞ പോലെയാണ് ബംഗാളിലെ ഇടതുപക്ഷത്തിന്‍റെ വീഴ്ച. 2004ൽ യുപിഎ സര്‍ക്കാരിനെ വിരൽ തുമ്പിൽ നിര്‍ത്തിയ ഇടതുപക്ഷ പാര്‍ട്ടികൾക്ക് ആ കാലം ഓര്‍മ്മ മാത്രമാകും. 35 ശതമാനത്തിലധികം വോട്ടുണ്ടായിരുന്ന സിപിഎം തൃപുരയില്‍ 17 ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. ബിജെപി ഒന്നാം സ്ഥാനത്തും കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തുമായി. 


സിപിഎമ്മിന് ദേശീയപാര്‍ട്ടി പദവി നഷ്ടമാകാനുള്ള സാധ്യത തെളിഞ്ഞതോടെ ദേശീയതലത്തിൽ ബദൽ രാഷ്ട്രീയശബ്ദം ഉയര്‍ത്താൻ ശ്രമിക്കുന്ന ഇടതുപക്ഷത്തിന് ഇനി പരിമിതികൾ ഏറെ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് ശതമാനം കണക്കാക്കിയായിരുന്നു ദേശീയ പാര്‍ടികളുടെ പട്ടികയിൽ തന്നെ സിപിഎമ്മിനെ നിലനിര്‍ത്തിയത്. ആ ഇളവ് ഇനി കിട്ടണമെന്നില്ലെന്നതാണ് ചൂണ്ടികാണിക്കപ്പെടുന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K