20 May, 2019 07:56:15 PM


മകന്‍ ഉപേക്ഷിച്ച കാമുകിയെ സ്വന്തം മകളാക്കി; സ്വത്ത് നൽകി വിവാഹവും നടത്തികൊടുത്ത് പിതാവ്



കോട്ടയം: വിവാഹവാഗ്ദാനം നല്‍കി മകന്‍ കബളിപ്പിച്ച യുവതിയെ സ്വന്തം മകളായി കണ്ട് മറ്റൊരു യുവാവിന് വിവാഹം നടത്തി കൊടുത്ത് തിരുനക്കര സ്വദേശി ഷാജി താരമായി. വിവാഹം ചെയ്തു നല്‍കിയെന്നു മാത്രമല്ല മകന് മാറ്റിവെച്ച സ്വത്തുക്കള്‍ പെണ്‍കുട്ടിയുടെ പേരില്‍ നല്‍കുകയും ചെയ്തു ഈ പിതാവ്. കോട്ടയം തിരുനക്കര ക്ഷേത്രത്തില്‍ തിങ്കളാഴ്ചയായിരുന്നു വിവാഹം.


ആറു വര്‍ഷം മുന്‍പ് പ്ലസ്ടുവിന് പഠിക്കുന്ന കാലത്താണ് ഷാജിയുടെ മകന്‍ സഹപാഠിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായത്. പെൺവീട്ടുകാർ ഈ ബന്ധത്തെ എതിർത്തു. എന്നാല്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ ഇരുവരുടെയും വിവാഹം നടത്തിക്കൊടുക്കാമെന്ന് ഷാജിയും ഭാര്യയും പെണ്‍കുട്ടിക്ക് വാക്കുകൊടുത്തു. ഈ സംഭവത്തിനു പിന്നാലെ മകനെ ഉപരിപഠനത്തിനയച്ചു. പഠനത്തിനിടെ  മറ്റൊരു പെണ്‍കുട്ടിയുമായി മകന്‍ അടുപ്പത്തിലായി.


ഇതറിഞ്ഞ ഷാജി മകനെ തന്‍റെ ഗള്‍ഫിലെ ജോലി സ്ഥലത്തേക്ക് കൊണ്ടു പോയി. എന്നാൽ ഗള്‍ഫില്‍ ജോലി നേടിയ ശേഷം അവധിക്കു നാട്ടിലെത്തിയ മകന്‍ മറ്റൊരു പെണ്‍കുട്ടിയെ കല്യാണം കഴിച്ചു. ഇതോടെ ഷാജി മകനുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുകയും അവനു നല്‍കാനായി മാറ്റിവച്ചിരുന്ന സ്വത്തുക്കള്‍ മകനു വേണ്ടി കാത്തിരുന്ന പെണ്‍കുട്ടിക്കു നല്‍കുകയും ചെയ്തു. ഈ സംഭവത്തിനു പിന്നാലെയാണ് പെണ്‍കുട്ടിയുടെ വിവാഹവും മാതാപിതാക്കളുടെ സ്ഥാനത്ത് നിന്ന് ഷാജിയും ഭാര്യയും നടത്തിക്കൊടുത്തത്. കരുനാഗപ്പള്ളി സ്വദേശിയാണ് വരന്‍. മകനെ കൂടാതെ എട്ടു വയസുള്ള മകളും ഷാജിയ്ക്കുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7K