14 May, 2019 04:35:20 PM


669: ആറ് ദിവസം, ആറ് തവണ, ദീര്‍ഘ സമയം: സെക്സിന്‍റെ കാര്യത്തില്‍ വിവാദ തിയറിയുമായി ജാക്ക് മാ



ഹോങ്കോംഗ്: ജീവിതത്തില്‍ ലൈംഗിക ബന്ധത്തിന്‍റെ പ്രാധാന്യത്തെ വിശേഷിപ്പിക്കുന്ന പുതിയ തീയറിയുമായി ചൈനീസ് കോടീശ്വരനും ആലിബാബയുടെ ഉടമയുമായ ജാക്ക് മാ. 669 എന്നാണ്  പുതിയ ആശയത്തിന്‍റെ ചുരുക്കപ്പേര്. ഒരാള്‍ ആഴ്ചയില്‍ ആറ് ദിവസം, ആറ് തവണ, ഓരോ പ്രാവശ്യവും ദീര്‍ഘനേരം സെക്സില്‍ ഏര്‍പ്പെടണമെന്നാണ് ജാക്ക് മാ പറയുന്നത്. 


ഈ ആശയത്തെയാണ് അദ്ദേഹം ചുരുക്കി 669 എന്ന് വിശേഷിപ്പിക്കുന്നത്. ഇതില്‍ ഒന്‍പത് എന്നത് ചൈനീസില്‍ ദീര്‍ഘനേരം എന്ന അര്‍ഥം വരുന്ന വാക്കിനെ സൂചിപ്പിക്കുന്നതാണ്. വെള്ളിയാഴ്ച 102 വധൂവരന്മാര്‍ പങ്കെടുത്ത തന്‍റെ ജീവനക്കാരുടെ സമൂഹ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജാക്ക് മായുടെ പ്രതികരണം പുറത്ത് വന്നതോടെ പ്രതിഷേധവും ശക്തമായി. ജാക്ക് മാ ജനസംഖ്യ വര്‍ധനവിനെ പ്രോത്സാഹിപ്പിക്കുന്ന ലൈഫ് തീയറിയാണ് അവതരിപ്പിച്ചതെന്ന് ചിലര്‍ വാദിച്ചു. ആലിബാബ അവരുടെ ഔദ്യോഗിക വീബോ പേജില്‍ സംഭവം പോസ്റ്റ് ചെയ്തിരുന്നു. 


ഒരു മാസം മുന്‍പ് യുവാക്കളായ ടെക് ജീവനക്കാരെ സംബന്ധിച്ച് ജാക്ക് മാ നടത്തിയ പരാമര്‍ശം ഏറെ വിവാദം ക്ഷണിച്ചു വരുത്തിയിരുന്നു. അന്ന് തൊഴിലിനെ സംബന്ധിച്ച് അദ്ദേഹം പറഞ്ഞ 996 തീയറിയാണ് വിവാദമാകുകയും ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തത്. രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെ ആഴ്ചയില്‍ ആറ് ദിവസം തൊഴില്‍ ചെയ്യാന്‍ യുവ ടെക്കികള്‍ക്ക് കഴിയണം എന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം. ഇതിനെ ചുരുക്കിയാണ് അദ്ദേഹം 996 വര്‍ക്കിങ് എന്ന് പറഞ്ഞത്. 


അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ തൊഴിലിനായി 996 ഉം ജീവിതത്തില്‍ 669 നുമാണ് വേണ്ടുന്നത്. ജാക്ക് മായുടെ പ്രശസ്തമായ ഈ തീയറികള്‍ക്ക് നിരവധി രസകരമായ മറുപടികളും ലഭിച്ചിട്ടുണ്ട്. പകല്‍ 996 ഉം, രാത്രി 669 ഉം, എനിക്ക് തോന്നുന്നത് ഒരു മാസത്തിന് മുന്‍പ് ഞാന്‍ എന്നന്നേക്കുമായി ഐസിയുവിലാകുമെന്നാണ് ജാക്ക് മായുടെ തിയറികള്‍ക്ക് വീബോയില്‍ ലഭിച്ച രസകരമായ മറുപടികളില്‍ ഒന്നാണിത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K