08 May, 2019 08:39:04 AM


പരീക്ഷ പൂര്‍ത്തിയാക്കാനാകാതെ വിടപറഞ്ഞ ഇന്ത്യന്‍ 'ഹോക്കിങ്ങി'നു എഴുതിയ പരീക്ഷകള്‍ക്കെല്ലാം മികച്ച മാര്‍ക്ക്

പരീക്ഷ എഴുതിത്തീരും മുമ്പേ വിനായകിനെ മരണം കൂട്ടിക്കൊണ്ടുപോയി




ദില്ലി: ''ഒരു നാള്‍ ഞാനും ഹോക്കിങ്ങിനെപ്പോലെ വളരും, വലുതാകും. അദ്ദേഹത്തെപ്പോലെ മികച്ച ശാസ്ത്രജ്ഞനെന്ന പേരും സ്വന്തമാക്കും. ''- നോയിഡയിലെ അമിറ്റി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിനായക് ശ്രീധര്‍ വീല്‍ചെയറിലിരുന്ന് ആവര്‍ത്തിച്ചിരുന്ന വാക്കുകള്‍. ''രോഗത്തിന്റെ പേരില്‍ എനിക്ക് പ്രത്യേക ആനുകൂല്യമൊന്നും വേണ്ട. ഞാന്‍ ജയിക്കും റാങ്കോടെ...'' ബഹിരാകാശത്തിനുമപ്പുറം സ്വപ്‌നം കണ്ട വിനായകിനെ കൂട്ടുകാര്‍ സ്‌നേഹത്തോടെ വിളിച്ചിരുന്നത് സ്റ്റീഫന്‍ ഹോക്കിങ് എന്നാണ്.


സി.ബി.എസ്.ഇ. 10 ക്ലാസ് പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ ഹോക്കിങ് അവര്‍ക്കു കണ്ണീരോര്‍മയാണ്. പരീക്ഷയ്ക്കിടെ കഴിഞ്ഞ മാര്‍ച്ചിലായിരുന്നു വിനായകിന്റെ മരണം. തിങ്കളാഴ്ച വിനായകിന്റെയും പരീക്ഷാഫലം പറത്തുവന്നു. ഇംഗ്ലീഷിന് 100 മാര്‍ക്ക്, സയന്‍സ് -96, സംസ്‌കൃതം -97... ഈ മൂന്നു വിഷയങ്ങള്‍ മാത്രമാണു വിനായക് ശ്രീധറിന് എഴുതാന്‍ കഴിഞ്ഞത്. മാര്‍ച്ചില്‍ കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷയ്‌ക്കൊരുങ്ങുമ്പോഴായിരുന്നു മരണം. ഹോക്കിങ്ങിനെപ്പോലെ ജനിതക െവെകല്യം സമ്മാനിച്ച രോഗമാണു വിനായകിനു തിരിച്ചടിയായത്. പേശികള്‍ ദുര്‍ബലമാക്കുന്ന രോഗം അവനെ വീല്‍ചെയറിലെത്തിച്ചു. രണ്ട് വയസുള്ളപ്പോഴാണു രോഗം കണ്ടെത്തിയത്. ഡിസ്‌ട്രോഫിന്‍ എന്ന മാംസ്യത്തിന്റെ അഭാവമാണു പ്രശ്‌നമായത്. മോട്ടോര്‍ ന്യൂറോണ്‍ ഡിസീസായിരുന്നു ഹോക്കിങ്ങിന്.


ഭിന്നശേഷിക്കാര്‍ക്കുള്ള ആനുകൂല്യങ്ങളൊന്നും വിനായക് ആഗ്രഹിച്ചില്ല. സി.ബി.എസ്.സി. പരീക്ഷയ്ക്ക് ജനറല്‍ വിഭാഗത്തിലാണ് അപേക്ഷ നല്‍കിയത്. വളരെ സാവധാനത്തില്‍ മാത്രമാണു കരങ്ങള്‍ ചലിപ്പിക്കാനായിരുന്നത്. '''സഹായികളില്ലാതെ പരീക്ഷ എഴുതണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, വേദന കാരണം ഇംഗ്ലീഷ്, സയന്‍സ് പരീക്ഷകള്‍ക്കു സഹായിയെ നിയമിച്ചു. പക്ഷേ, സംസ്‌കൃത പരീക്ഷ സ്വയമെഴുതി. പരിമിതികള്‍ മറന്നു ബഹിരാകാശത്ത് പോകുന്നതിനെക്കുറിച്ച് അവന്‍ സ്വപ്‌നം കണ്ടുകൊണ്ടേയിരുന്നു''- വിനായകിന്റെ അമ്മ മമ്ത ശ്രീധര്‍ പറഞ്ഞു. പരീക്ഷകഴിഞ്ഞ് രാമേശ്വരം ക്ഷേത്രം സന്ദര്‍ശിക്കണമെന്നായിരുന്നു അവന്റെ ആഗ്രഹം.


ബഹിരാകാശ യാത്രയാണു പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത മറ്റൊരു ആഗ്രഹം. ജോലി ഉപേക്ഷിച്ചു മകന്റെ സ്വപ്‌നങ്ങള്‍ക്കു കൂട്ടുനില്‍ക്കുകയായിരുന്നു മമ്ത ഇതുവരെ. ''അവനു ചുറ്റുമായിരുന്നു ഇതുവരെയുള്ള എന്റെ ജീവിതം. അവന്റെ ആത്മെധെര്യം ഇനി ഞാന്‍ ഏറ്റെടുക്കും''- അവര്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K