27 April, 2019 01:25:17 PM
വിത്ത് വാങ്ങി കൃഷിചെയ്ത് ഉരുളക്കിഴങ്ങ് കൈമാറിയാല്‍ കേസില്ല; ഒത്തുതീര്‍പ്പുമായി പെപ്‌സികോ
അഹമ്മദാബാദ്: ലെയ്‌സ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്ത് കൈമാറിയാല്‍ കര്‍ഷകരെ കേസില്‍ നിന്ന് ഒഴിവാക്കാമെന്ന വാഗ്ദാനവുമായി പെപ്‌സികോ ഇന്ത്യ. ഗുജറാത്തിലെ സബര്‍കന്ദ ജില്ലയിലെ നാല് കര്‍ഷകരോടാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥയിലൂടെ തങ്ങളുടെ ഉരുളക്കിഴങ്ങ് കൃഷിചെയ്യാന്‍ കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. ഒത്തുതീര്‍പ്പിന് വഴങ്ങിയില്ലെങ്കില്‍ കേസുമായി മുന്നോട്ടുപോകുമെന്നാണ് കമ്പനിയുടെ നിലപാട്.
കേസ് ഒത്തുതീര്‍പ്പാക്കണമെങ്കില്‍ തങ്ങളുടെ വിത്ത് കര്‍ഷകര്‍ വാങ്ങുകയും ഉദ്പാദിപ്പിക്കുന്ന ഉരുളക്കിഴങ്ങ് തങ്ങള്‍ക്കു തന്നെ വില്‍ക്കുകയും ചെയ്യണമെന്നാണ് കമ്പനിയുടെ ആവശ്യം. കര്‍ഷകര്‍ക്കെതിരെ കേസുകൊടുത്ത കമ്പനി ഓരോരുത്തരോടും 1.05 കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.
അഹമ്മദാബാദിലെ കോടതി കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കമ്പനി ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി രംഗത്തെത്തിയത്.
എഫ്എല്‍ 2027 ഇനം ഉരുളക്കിഴങ്ങാണ് ലെയ്‌സ് നിര്‍മിക്കാന്‍ പെപ്‌സികോ ഉപയോഗിക്കുന്നത്. ഈ ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങിന്റെ അവകാശം, പ്രൊട്ട ക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് ആക്ട് 2001 പ്രകാരം പെപ്‌സികോ ഇന്ത്യ കമ്പനിക്കാണ്.
2009ല്‍ ഇന്ത്യയിലാണ് ഈ വിഭാഗത്തില്‍പ്പെടുന്ന ഉരുളക്കിഴങ്ങ് ആദ്യമായി കൃഷി ചെയ്യുന്നത്. പഞ്ചാബിലെ കര്‍ഷകരെ ഉപയോഗിച്ചാണ് പെപ്‌സികോ കമ്പനി ഇതിന്റെ ഉത്പാദനം തുടങ്ങിയത്. കമ്പനിക്കു മാത്രമേ ഉരുളക്കിഴങ്ങ് വില്‍ക്കാവൂ എന്ന വ്യവസ്ഥയിലാണ് അന്നു വിത്തു വിതരണം ചെയ്തിരുന്നത്. ഇതു പിന്നീടു ഗുജറാത്തിലേക്കും എത്തുകയും കര്‍ഷകര്‍ കൃഷിക്ക് ഉപയോഗിക്കുകയും ചെയ്തു. അനുമതിയില്ലാതെയാണ് കര്‍ഷകര്‍ ഈ ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്‌തെന്നും അതു നിയമപ്രകാരം കുറ്റകരമാണെന്നും ചൂണ്ടിക്കാണിച്ചാണു കമ്പനി നിയമനടപടി സ്വീകരിച്ചത്.
അതേസമയം, കഴിഞ്ഞ വര്‍ഷം പ്രാദേശിക തലത്തില്‍ കൈമാറി ലഭിച്ച വിത്താണ് ഉപയോഗിക്കുന്നതെന്നും കമ്പനി പറയുന്ന നിയമനടപടികളൊന്നും അറിയി ല്ലെന്നുമാണ് കര്‍ഷകരുടെ വാദം