09 April, 2019 06:41:48 PM


മാണി സാർ: പാലായെ ഹൃദയത്തോട് ചേര്‍ത്തുവച്ച രാഷ്ട്രീയ ഭീഷ്മാചാര്യൻ

 


കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണിയുടെ വിയോഗം പാലായ്ക്കു മാത്രമല്ല, കേരള രാഷ്ട്രീയത്തിന് ആകെ നികത്താനാവാത്ത നഷ്ടമാണ്. ഒരു നിയോജക മണ്ഡലത്തില്‍ നിന്നും 13 വര്‍ഷം തുടര്‍ച്ചയായി ജയിച്ചു, ഏറ്റവും അധികകാലം എം.എല്‍.എ ആയിരുന്ന ആള്‍, ഏറ്റവും കൂടുതല്‍ കാലം മന്ത്രി, ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച (13 തവണ) ധനമന്ത്രി തുടങ്ങി നിരവധി റെക്കോര്‍ഡുകള്‍ക്ക് ഉടമയാണ് കെ.എം മാണി.


12 മന്ത്രിസഭകളില്‍ അംഗമായിരുന്ന മാണി ധനം, ആഭ്യന്തരം, നിയമം, റവന്യൂ, വൈദ്യുതി തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 1933 ജനുവരി 30ന് പാലാ മരങ്ങാട്ടുപള്ളിയിലായിരുന്നു ജനനം. അഭിഭാഷകനായി ജോലിയില്‍ പ്രവേശിച്ചുവെങ്കിലും വൈകാതെ രാഷ്ട്രീയത്തിലെത്തി. 1965 മുതല്‍ പാലായെ പ്രതിനിധീകരിച്ച് നിയമസഭയില്‍ എത്തി. പിന്നീട് പാലായുടെ മാണിക്യം ആയി മാണി മാറി. പിന്നാലെ കേരള കോണ്‍ഗ്രസിന്റെ അഭിഭാജ്യ ഘടകമായി മാറി.


പാലായും മാണിയുമായുള്ള ബന്ധം രക്തബന്ധത്തേക്കാള്‍ ശക്തമായിരുന്നു. തനിക്ക് രണ്ട് ഭാര്യമാര്‍ ഉണ്ടെന്ന് മാണി എപ്പോഴും പറയും. കുട്ടിയമ്മ ഒന്നാം ഭാര്യ ആണെങ്കില്‍ പാല തന്റെ രണ്ടാം ഭാര്യ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശേഷണം. ഏതു കൊടുങ്കാറ്റു വന്നാലും പാല മാണിയേയും മാണി പാലായേയും കൈവിട്ടില്ല. ബാര്‍കോഴ കേസില്‍ പെട്ട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിസ്ഥാനം രാജിവച്ചതു മാത്രമാണ് ഇത്രയും കാലത്തെ രാഷ്ട്രീയ ജീവിതത്തില്‍ മാണി നേരിട്ട ഏക പരാജയം. എങ്കിലും 2016ലെ തെരഞ്ഞെടുപ്പില്‍ പാലാ മാണിയെ സ്‌നേഹിച്ചു. കടുത്ത മത്സരം നേരിട്ട സമയത്തും പാലാ മാണിയെ നെഞ്ചിലേറ്റി.


മാണിയുടെ മക്കളോടുള്ള വാത്സല്യം


ശീലത്തിനപ്പുറം ദുശീലം എന്ന തരത്തിൽ തന്നെ പുകവലി കൊണ്ട് നടന്നിരുന്നയാളായിരുന്നത്രെ കെഎം മാണി. ഹൈസ്കൂൾ കാലം മുതലേ ആരംഭിച്ച അത്രയെളുപ്പം മാറ്റാനാകാത്ത ശീലം. ഒന്നിന് പുറകെ ഒന്നെന്ന പോലെ നിര്‍ത്താതെ സിഗരറ്റ് പുകച്ചിരുന്ന ദുശ്ശീലം. പലതവണ നിര്‍ത്താൻ പലതരത്തിൽ ശ്രമിച്ചിട്ടും പുകവലി ശീലം കെഎം മാണിയെ തോൽപ്പിച്ചു കൊണ്ടേയിരുന്നു. 


അങ്ങനെ ഇരിക്കെയാണ് മകൾ എൽസമ്മ അമ്മയാകാൻ  പോകുന്നുവെന്ന വാര്‍ത്തയറിയുന്നത്. ഗര്‍ഭകാലം അത്ര സുഖകരമായിരുന്നില്ല. ആരോഗ്യനില വഷളായ മകളെ ആശുപത്രിയിലാക്കി. അമ്മയുടേയും കുഞ്ഞിന്‍റെയും ജീവൻ ആശങ്കയിലായ നിമിഷത്തിൽ ആശുപത്രി വരാന്തയിൽ അസ്വസ്ഥനായി അങ്ങോട്ടും ഇങ്ങോട്ടും നടന്ന കെഎം മാണി ആ തീരുമാനമെടുത്തു. 'കുഴപ്പമൊന്നുമുണ്ടാക്കല്ലേ, എങ്കിൽ വലി നിർത്താമേയെന്ന്'. എൽസമ്മ സുഖമായി പ്രസവിച്ചു. മാണി വലിയും നിർത്തി. 


അന്ന് കുത്തിക്കെടുത്തിയ സിഗരറ്റ് പിന്നീടൊരിക്കലും കെഎം മാണി കൈ കൊണ്ട് തൊട്ടിട്ടില്ല. മക്കളോട് അത്രമേൽ വാത്സല്യമുള്ള അച്ഛനായിരുന്നു  കെഎം മാണിയെന്ന് അദ്ദേഹത്തിന്‍റെ മക്കൾ സ്നേഹത്തെക്കുറിച്ച് ഭാര്യ കുട്ടിയമ്മ നേരത്തെ  പറഞ്ഞ ഒരു സംഭവമാണിത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K