07 April, 2019 07:59:54 PM
പാലാ - തൊടുപുഴ റൂട്ടിൽ മാനത്തൂരിൽ കാർ മരത്തിലിടിച്ച് മറിഞ്ഞ് തീ പിടിച്ചു; അഞ്ച് മരണം
പാലാ: പാലാ -തൊടുപുഴ ഹൈവേയില്‍ മാനത്തൂരിൽ കാർ അപകടത്തിൽ അഞ്ച് മരണം. ഇടിച്ചു മറിഞ്ഞ ശേഷം തീപിടിച്ച കാറിനുള്ളിലുണ്ടായിരുന്ന മറ്റൊരാള്‍ അതീവഗുരുതരനിലയിൽ. കടനാട് ഇരുവേലിക്കുന്നേൽ പ്രമോദ് സോമൻ (27), കടനാട് കിഴക്കേക്കര വിഷ്ണുരാജ് (27), നടുവിലേക്കുറ്റ് ജോബിൻസ് കെ.ജോർജ് (ടോണി - 28), കടനാട് മലേപ്പറമ്പില്‍ ഉല്ലാസ് (38), കടനാട് അറയ്ക്കപറമ്പില്‍ സുധി (27) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അന്തിനാട് മലയില്‍ പ്രഭാത് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
പൂർണമായി തകർന്ന റിറ്റ്സ് കാര്‍ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. മൂന്നു പേരുടെ മൃതദേഹങ്ങൾ പാലാ ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. മരിച്ച മറ്റു രണ്ടു പേരുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
മരിച്ച സുധി എറണാകുളത്ത് ഡ്രൈവറായി ജോലി ചെയ്യുകയാണ്. കടനാട് അറയ്ക്കപറമ്പിൽ ജോർജ്- സുധ ദമ്പതികളുടെ മകനാണ്. ഭാര്യ വല്ല്യാത്ത് കുന്നേൽ സലില. ഇവർക്ക് ആറുമാസം പ്രായമുള്ള ഒരു കുട്ടിയുണ്ട്. സഹോദരി മീനുക്കുട്ടി. ഇരുവേലി കുന്നേൽ സോമനാഥ ദമ്പതികളുടെ മകനാണ് മരിച്ച പ്രമോദ്. ആർട്ടിസ്റ്റായും മേസ്തിരി ജോലികളും ചെയ്തിരുന്നു.
കിഴക്കേക്കര രാജു അനിത ദമ്പതികളുടെ മകനാണ് അപ്പൂസ് എന്ന് വിളിക്കുന്ന വിഷ്ണുരാജ്. പാലാ ചെത്തിമറ്റത്ത് ജിം ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മൂന്നുമാസം മുമ്പായിരുന്നു വിവാഹം. ഭാര്യ കെഴുവംകുളം പുളിയന്മാനായിൽ നയന. നടുവിലേക്കുറ്റ് ജോയി ലീലാമ്മ ദമ്പതികളുടെ മകനാണ് ടോണി എന്ന് വിളിപ്പേരുള്ള റോബിൻസൺ ചെരിപ്പിന്‍റെ ഹോൾസെയിൽ വില്പനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായുരുന്നു. കടനാട് മലേപ്പറമ്പിൽ എം. പി. ഉല്ലാസ് ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു. ഭാര്യ : ഇന്ദു. മക്കൾ: അഭിനവ്, അഭിരാമി.
- സുനില്‍ പാലാ