04 April, 2019 10:19:12 PM
ഏറ്റുമാനൂര്‍ നഗരമധ്യത്തില്‍ വീണ്ടും അഗ്നിബാധ; മാലിന്യത്തിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരമധ്യത്തില്‍ വീണ്ടും അഗ്നിബാധ. അമ്പലം റോഡില്‍ ഉത്സവകാലത്ത് കൂട്ടിയിട്ട മാലിന്യത്തിനാണ് രാത്രി ഒമ്പതരയോടെ തീ പിടിച്ചത്. പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെ തീ പടര്‍ന്നു കത്തിയത് നാട്ടുകാരില്‍ പരിഭ്രാന്തി ഉളവാക്കുകയും ടൗണില്‍ ദുര്‍ഗന്ധം പരത്തുകയും ചെയ്തു. കോട്ടയത്തുനിന്നും എത്തിയ ഫയര്‍ഫോഴ്സ് സംഘം അര മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഇതിന് തൊട്ടടുത്ത് തന്നെ വില്ലേജ് ഓഫീസ് റോഡില്‍ മാലിന്യം കത്തിയത് നാട്ടുകാരില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉളവാക്കിയിരുന്നു.
മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് ദേവസ്വം ലേലം ചെയ്തു നല്‍കിയ കടകളിലെ മാലിന്യങ്ങള്‍ ടെമ്പിള്‍ റോഡിലെ അയ്യപ്പമണ്ഡപത്തിന് സമീപത്തെ സ്വകാര്യവ്യക്തിയുടെ വെറുതെ കിടക്കുന്ന സ്ഥലത്ത് കുന്നുകൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇത് ഇവിടെ നിന്നും നീക്കാതെ വന്നതോടെ പരിസരവാസികള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. നഗരസഭയെ സമീപിച്ചെങ്കിലും മാലിന്യം നീക്കം ചെയ്യേണ്ടത് ദേവസ്വത്തിന്‍റെ ചുമതല ആണെന്ന നിലപാടിലായിരുന്നു. ഇതിനിടെ ടൗണിലെ വിവിധ കടകളില്‍ നിന്നും മറ്റുമായി മാലിന്യത്തിന്‍റെ അളവ് വര്‍ദ്ധിച്ചുവരികയായിരുന്നു.
ശുചിത്വനഗരമാകാന്‍ ശ്രമിക്കുന്ന ഏറ്റുമാനൂര്‍ നഗരമധ്യത്തില്‍ ടെമ്പിള്‍ റോഡിലെ മാലിന്യം പരിസരവാസികള്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം അഗ്നിബാധയുടെ കാരണം എന്തെന്ന് കണ്ടെത്തിയിട്ടില്ല. കടുത്ത വേനല്‍ ചൂടില്‍ ഉണങ്ങികിടന്ന മാലിന്യത്തിനിടയിലേക്ക് സിഗററ്റ്കുറ്റി പോലുള്ള വസ്തുക്കള്‍ വലിച്ചെറിയുകയോ ആരെങ്കിലും മനപൂര്‍വ്വം തീ ഇടുകയോ ചെയ്തതാവാം എന്നാണ് കരുതുന്നത്.