02 April, 2019 02:14:15 PM
ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നടപ്പന്തല്‍ നിര്‍മ്മിച്ച തുക ഏഴ് വര്‍ഷം കഴിഞ്ഞിട്ടും ലഭിച്ചില്ലെന്ന് കരാര്‍കാരന്‍
ഏറ്റുമാനൂര്‍: മഹാദേവക്ഷേത്രത്തില്‍ ഏഴ് വര്‍ഷം മുമ്പ് നടപ്പന്തല്‍ നിര്‍മ്മിച്ച വകയില്‍ കരാര്‍പ്രകാരമുള്ള തുക ഇതുവരെ പൂര്‍ണ്ണമായി നല്‍കിയില്ലെന്ന ആരോപണവുമായി കരാര്‍കാരന്‍ രംഗത്ത്. ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്‍റെ തെക്കേനടയിലെ സതീഷ് ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനമുടമ സതീഷാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പണം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് താന്‍ കടക്കെണിയിലാണെന്നും ആത്മഹത്യയുടെ വക്കിലാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മാസ്റ്റര്‍പ്ലാന്‍ ഇന്‍റിമേഷന്‍ കമ്മറ്റി, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്‍റ് കമ്മീഷണര്‍, അഡ്മിസ്ട്രേറ്റീവ് ഓഫീസര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ക്ഷേത്രത്തിന്‍റെ മൂന്ന് വശവും നടപ്പന്തല്‍ പണിയാന്‍ കരാര്‍ എടുക്കുന്നത്. പണയം വെച്ചും മറ്റുമാണ് പണിക്കാവശ്യമായ സാധനങ്ങള്‍ എടുത്തിരുന്നത്. മൂന്ന് കൊല്ലം കൊണ്ടാണ് മെറ്റീരിയല്‍ ഇറക്കിയതിന്‍റെ പണം നല്‍കിയത്. 15 ലക്ഷം രൂപയോളം വരുന്ന മെറ്റീരിയല്‍ ഇനിയും ക്ഷേത്രം കോമ്പൌണ്ടില്‍ കിടപ്പുണ്ട്. അത് കിടന്നു തുരുമ്പിക്കുകയാണ്.
എറണാകുളത്ത് നിന്ന് ക്രയിന്‍ കൊണ്ടുവന്നാണ് പണികള്‍ തുടങ്ങിയത്. രാപകലില്ലാതെ കഷ്ടപ്പെട്ടാണ് അധികൃതരുടെ ആവശ്യപ്രകാരം ഒരു ഉത്സവത്തിന് മുമ്പ് ഒരു വശത്തെ നടപ്പന്തല്‍ തീര്‍ത്തത്. കടംകയറി വസ്തു വിറ്റു. ഭാര്യയുടെ സ്വര്‍ണ്ണംമെല്ലാം വിറ്റു. വീടിന്‍റെ ആധാരം പണയപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. ദേവസ്വം ബോര്‍ഡുമായി കൃത്യമായ വര്‍ക്ക് ഓര്‍ഡറും എല്ലാം ഉണ്ടെങ്കിലും പണം കിട്ടാതെ വന്നതോടെ ദേവസ്വം ഉദ്യോഗസ്ഥര്‍ പറഞ്ഞതനുസരിച്ച് കേസ് കൊടുത്തു.
കോടതി ഉത്തരവിന് ശേഷം ഒന്നരകൊല്ലം മുമ്പ് 15 ലക്ഷം രൂപ കിട്ടി. അവരുടെ കണക്കുപ്രകാരം 28 ലക്ഷം രൂപ ഇനിയും ലഭിക്കാനുണ്ട്. തീരെ ദരിദ്രനായി മാറിയ താനിപ്പോള്‍ കേസുമായി മുന്നോട്ട് പോകാന്‍ പോലും വയ്യാത്ത അവസ്ഥയിലാണെന്നും സതീഷ് പറയുന്നു. സതീഷ് ഭാര്യാസമേതനായി നടത്തിയ വാര്‍ത്താ സമ്മേളനത്തിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.