30 March, 2019 06:45:01 PM


ഏറ്റുമാനൂര്‍ - കുറുപ്പന്തറ പുതിയ ഇരട്ട പാതയിലൂടെ ഞായറാഴ്ച ട്രയിന്‍ ഓടിതുടങ്ങും

മെയ് 1 വരെ തിരുവനന്തപുരത്തേക്കുള്ള വേണാടും പരശുറാമും ഏറ്റുമാനൂരില്‍ നിര്‍ത്തില്ല




കോട്ടയം: പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ പൂര്‍ണ്ണമായ ഏറ്റുമാനൂര്‍ - കുറുപ്പന്തറ സെക്ഷനില്‍ ഇന്നു മുതല്‍ രണ്ട് പാളത്തിലൂടെയും തീവണ്ടി ഓടിതുടങ്ങും. വൈകിട്ട് നാലിന് ശേഷമായിരിക്കും ആദ്യട്രയിന്‍ കടത്തിവിടുക. പുതിയ പാളത്തിന്‍റെ കമ്മീഷനു മുന്നോടിയായി അവസാനവട്ടപരിശോധനകളും പണികളും നടക്കുന്നതിനാല്‍ ഞായറാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ കോട്ടയം വഴി ട്രയിന്‍ ഗതാഗതം നിലയ്ക്കും. ഈ സമയം ട്രയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും.

പാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായുള്ള യാര്‍ഡ് നവീകരണത്തിന്‍റെയും മനയ്ക്കപ്പാടം അടിപ്പാതയുടെയും പണികള്‍ നടക്കുന്നതിനാല്‍ വൈകിട്ട് തിരുവനന്തപുരം ഭാഗത്തേക്കുള്ള ഷൊര്‍ണൂര്‍ - തിരുവനന്തപുരം വേണാട് എക്സ്പ്രസും (നമ്പര്‍ - 16301) മംഗലാപുരം - നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസും (നമ്പര്‍ - 16649) ഇന്ന് മുതല്‍ മെയ് 1 വരെ ഏറ്റുമാനൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തില്ല. അതേസമയം രാവിലെ എറണാകുളം ഭാഗത്തേക്കുള്ള വേണാട്, പരശുറാം എക്സ്പ്രസ് ട്രയിനുകള്‍ പതിവുപോലെ ഏറ്റുമാനൂരില്‍ നിര്‍ത്തും.

ഏറ്റുമാനൂരിനും കുറുപ്പന്തറയ്ക്കുമിടയില്‍ ഇരുവശത്തേക്കും ഒരു പാളത്തിലൂടെയായിരുന്നു ഇതുവരെ ഗതാഗതം. ഇന്ന് മുതല്‍ വണ്‍വേ സിസ്റ്റം നിലവില്‍ വരും. പുതിയ പാളത്തിലൂടെ വടക്കോട്ടും പഴയ പാളത്തിലൂടെ തെക്കോട്ടും മാത്രമായിരിക്കും ഇനി ട്രയിനുകള്‍ ഓടുക. ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ തെക്കോട്ടുള്ള ട്രയിനുകള്‍ക്ക് കടന്നുപോകാനുള്ള സൌകര്യം ഒന്നും രണ്ടും നാലും പ്ലാറ്റ്ഫോമുകളിലാണ്. വടക്കോട്ടുള്ള വണ്ടികള്‍ മൂന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലും പിടിക്കും. എന്നാല്‍ മനയ്ക്കപ്പാടം അടിപ്പാത പൂര്‍ണ്ണമായാലേ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിലൂടെ ട്രയിന്‍ കടത്തിവിടാനാകൂ.

നാലാം പ്ലാറ്റ്ഫോമിന് വലിയ ട്രയിനുകളെ ഉള്‍കൊള്ളാനുള്ള നീളം ഇല്ലാത്തതിനാലാണ് മനയ്ക്കപ്പാടം അടിപ്പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായി ഗതാഗതം പുനക്രമീകരിക്കും വരെ തിരുവനന്തപുരം ഭാഗത്തേക്കുള്ള വേണാട്, പരശുറാം എക്സ്പ്രസുകള്‍ക്ക് ഇവിടെ സ്റ്റോപ്പ് റദ്ദാക്കിയത്. വേണാടിനും പരശുറാം എക്സ്പ്രസിനും 23 ബോഗികള്‍ ഉണ്ട്. 400 മീറ്റര്‍ നീളമുള്ള നാലാം പ്ലാറ്റ്ഫോമില്‍ 18 ബോഗികളെ മാത്രമേ ഉള്‍കൊള്ളാനാവു. മറ്റ് പ്ലാറ്റ്ഫോമുകളുടെ നീളം 540 മീറ്ററാണ്. ഇവിടെ 24 ബോഗികള്‍ വരെയുള്ള ട്രയിനുകള്‍ നിര്‍ത്താനാവും.

ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ പഴയ പാളങ്ങള്‍ കടന്നുപോകുന്ന ഭാഗത്താണ് അടിപ്പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാകാനുള്ളത്. ഒരു പാളത്തിനുള്ള സ്ലാബിന്‍റെ കോണ്‍ക്രീറ്റ് പണികള്‍ ഇന്നലെ നടന്നു. പഴയ അടിപ്പാതയോട് ചേര്‍ന്ന് രണ്ട് പാളങ്ങളോടു കൂടിയ പുതിയ പാലം നിര്‍മ്മിച്ച് ഗതാഗതം വഴിതിരിച്ചുവിട്ടശേഷമാണ് പഴയ പാലവും പാളങ്ങളും പൊളിച്ച് നവീകരണം ആരംഭിച്ചത്. ഏപ്രില്‍ 30-ാം തീയതിയോടെ ഇതിന്‍റെ പണികല്‍ പൂര്‍ത്തിയാകുമെന്ന് റയില്‍വേ അധികൃതര്‍ പറഞ്ഞു. ഇതോടൊപ്പം സിഗ്നല്‍, ഇലക്ട്രിക്കല്‍ ജോലികളും പുരോഗമിക്കുകയാണ്.

ട്രയിനുകള്‍ റദ്ദ് ചെയ്തു

 
കോട്ടയം വഴിയുള്ള എറണാകുളം - കായംകുളം പാസഞ്ചറും (നമ്പര്‍ 56387) കായംകുളം - എറമാകുളം പാസഞ്ചര്‍ (നമ്പര്‍ 56388) ട്രയിനും  ഇന്ന് മുതല്‍ ഏപ്രില്‍ 15 വരെ റദ്ദ് ചെയ്തു. കൊല്ലം - കോട്ടയം (നമ്പര്‍ 56394),  കോട്ടയം - കൊല്ലം (നമ്പര്‍ 56393) പാസഞ്ചര്‍ ട്രയിനുകള്‍ ഏപ്രില്‍ 7, 14 തീയതികളിലും ഓടില്ല. കോട്ടയം വഴിയുള്ള എറണാകുളം - കൊല്ലം മെമു ഏപ്രില്‍ 7, 14 തീയതികളില്‍ എറണാകുളത്ത് നിന്ന് 30 മിനിറ്റ് വൈകിയായിരിക്കും പുറപ്പെടുക.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K