11 March, 2019 07:30:56 PM
വേനല്‍ രൂക്ഷം: കൃഷിയിടങ്ങള്‍ കരിയുന്നു; കണ്ണീര്‍മഴയില്‍ കര്‍ഷകര്‍
കോട്ടയം: വേനല്‍ രൂക്ഷമായി. കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടം ആരംഭിച്ചതോടൊപ്പം കാര്‍ഷികമേഖലയിലും വന്‍ പ്രതിസന്ധിയാണ് അനുഭവപ്പെടുന്നത്. ഇടയ്ക്ക് ചില പ്രദേശങ്ങളില്‍ മാത്രം മഴ പേരിന് ലഭിച്ചുവെങ്കിലും ചൂടിനും ജലക്ഷാമത്തിനും പരിഹാരമായിട്ടില്ല. നിനച്ചിരിക്കാതെ എത്തിയ വേനല്‍മഴ കര്‍ഷകരെ സംബന്ധിച്ച് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കിയത്.
പ്രളയത്തിന് ശേഷം സര്‍ക്കാരിന്‍റെ പുനര്‍ജനി പദ്ധതിയില്‍പെടുത്തി കൃഷിയിറക്കിയ സ്ഥലത്തെല്ലാം വിളവെടുപ്പ് നടത്താനാവാതെ കുഴയുകയാണ് കര്‍ഷകര്‍. വേനലിലെ മഴയും കാറ്റും മൂലം വാഴ തുടങ്ങിയ കാര്‍ഷികവിളകള്‍ക്ക് വന്‍ നാശനഷ്ടമാണുണ്ടായത്. മണ്ണ് അമിതമായി ചൂട് പിടിച്ചതിനെ തുടര്‍ന്ന് പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള വിളകളുടെ തണ്ടുകള്‍ ഉരുകി ഒടിയുന്നതും കരിയുന്നതും വ്യാപകമായി. പേരൂര്‍, തെള്ളകം പാടശേഖരങ്ങളില്‍ നെല്‍കൃഷി ഉപേക്ഷിച്ച് പച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞ കര്‍ഷകര്‍ ഇപ്പോള്‍ കണ്ണീര്‍ക്കയത്തിലാണ്. ഇവര്‍ക്ക് മുന്നില്‍ നിസഹായരായി കൃഷി ഉദ്യോഗസ്ഥരും.
പച്ചക്കറിയുടെ വില കുത്തനെ ഇടിഞ്ഞതിന് പിന്നാലെയാണ് കര്‍ഷകര്‍ക്ക് മേല്‍ കൂനിന്മേല്‍ കുരുവെന്ന പോലെ വേനലിന്‍റെ ആധിക്യം വന്നുപെട്ടത്. നേരിട്ട് വെയിൽ പതിക്കുന്ന പ്രദേശങ്ങളിലെല്ലാം വിളവെടുപ്പ് തുടങ്ങിയ പിന്നാലെ ചെടികളെല്ലാം കരിഞ്ഞുണങ്ങി തുടങ്ങി. പാവല്‍ തുടങ്ങിയ വിളകള്‍ക്ക് മുരടിപ്പ് അനുഭവപ്പെട്ടതോടെ ഇനിയെന്ത് എന്നറിയാതെ വിലപിക്കുകയാണ് കര്‍ഷകര്‍. ജലസേചനത്തിനുള്ള കുളങ്ങള്‍ വറ്റിവരണ്ടതോടെ വെള്ളത്തിനും ക്ഷാമമായി. പലയിടത്തും ലോറിയിലും മറ്റും വെള്ളം അടിക്കുന്നുണ്ടെങ്കിലും വേണ്ടത്ര ഫലം ചെയ്യുന്നില്ല.
ഏറ്റുമാനൂര്‍ തെള്ളകത്ത് മോന്‍സി പി.തോമസിന്‍റെ രണ്ടര ഏക്കര്‍ ഏത്തവാഴത്തോട്ടത്തിലെ കുലച്ച മുഴുവന്‍ വാഴയും ഊന്നുകാല്‍ കൊടുത്തിട്ടും നടുക്ക് വെച്ച് ഒടിഞ്ഞുതൂങ്ങി. മരച്ചീനി, റമ്പുട്ടാന്‍, തെങ്ങ് തുടങ്ങിയ വിളകള്‍ക്കും വ്യാപകമായ നാശമാണുണ്ടായത്. ഏറ്റുമാനൂര്‍ പ്രദേശത്തെ വിവിധ കൃഷിയിടങ്ങളില്‍ അസിസ്റ്റന്‍റ് കൃഷി ഡയറക്ടര്‍ ആന്‍റണി ജോര്‍ജ്, കൃഷി ഓഫീസര്‍ വി.ജെ.കവിത, കൃഷി അസിസ്റ്റന്‍റ് കെ.ബിന്ദു എന്നിവരുള്‍പ്പെട്ട സംഘം എത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി.