03 March, 2019 06:06:30 PM
ഭൂനികുതി കുടിശിഖ: റവന്യൂ വകുപ്പിന് ലോട്ടറിയായി കിസാന്‍ സമ്മാന്‍ നിധി യോജന പദ്ധതി
കോട്ടയം: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന ഒരു തരത്തില്‍ റവന്യു വകുപ്പിന് ലോട്ടറിയായി. എല്ലാ വര്‍ഷവും 6000 രൂപ വീതം കര്‍ഷകന് ലഭ്യമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ പരിഗണിക്കപ്പെടണമെങ്കില്‍ അപേക്ഷയോടൊപ്പം കരമടച്ച രസീതുകള്‍ വയ്ക്കണമെന്ന വ്യവസ്ഥ റവന്യു വകുപ്പിന്റെ ഭൂനികുതി വരുമാനം ഈ വര്‍ഷം റെക്കോര്‍ഡിലേക്ക് ഉയര്‍ത്തുകയാണ്.
വില്ലേജ് ഓഫീസുകള്‍ക്ക് മുന്നില്‍ നികുതി അടയ്ക്കാനെത്തുന്നവരുടെ നീണ്ട ക്യൂ ആണിപ്പോള്‍. പത്തിനും ഇരുപതിനും ഇടയില്‍ ആളുകള്‍ മാത്രം ശരാശരി ഭൂനികുതി അടയ്ക്കാനെത്തിയിരുന്ന വില്ലേജ് ഓഫീസുകളില്‍ ഇപ്പോള്‍ ദിനംപ്രതി മുന്നൂറിന് മുകളില്‍ ആളുകള്‍ എത്തുന്നതായി ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. കിസാന്‍ സമ്മാന്‍ നിധിയിലേക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങിയ ദിവസങ്ങളിലായിരുന്നു ഏറെ തിരക്ക് അനുഭവപ്പെട്ടത്. തിരക്ക് നിയന്ത്രിക്കാനാകാതെ ടോക്കണ്‍ കൊടുത്തുവിട്ട വില്ലേജ് ഓഫീസുകളും ഉണ്ട്.
ഇപ്പോള്‍ വില്ലേജ് ഓഫീസുകളിലെത്തുന്നവരില്‍ ഊര്‍ജ്ജിത നികുതി പിരിവ് യജ്ഞസമയത്ത് പോലും നികുതി അടയ്ക്കാന്‍ കൂട്ടാക്കാത്തവര്‍ വരെയുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിലൂടെ പലരുടെയും പതിറ്റാണ്ടുകളായുളള ഭൂനികുതി കുടിശ്ശിഖ റവന്യു വകുപ്പിന് പിരിച്ചെടുക്കുവാന്‍ കഴിഞ്ഞു. ഭൂനികുതി അടയ്ക്കാനെത്തുന്നവരുടെ എണ്ണം കൂടിയതോടെ ഓണ്‍ലൈന്‍ സംവിധാനം മാറ്റി പഴയ രീതിയില്‍ രസീത് ബുക്കില്‍ നികുതി സ്വീകരിക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയാണ് ഉദ്യോഗസ്ഥര്‍. ഭൂനികുതി അടയ്ക്കാനെത്തുന്നവരുടെ ഓഫീസുകളില്‍ തിരക്ക് കൂടിയതോടെ മറ്റ് ആവശ്യങ്ങള്‍ക്ക് വില്ലേജ് ഓഫീസിലെത്തുന്നവര്‍ക്ക് സേവനം ലഭിക്കാന്‍ താമസം നേരിടുന്നതായും പരാതികളുയര്‍ന്നു.
ഇതിനിടെ ധനസഹായം ലഭിക്കുന്നതിന് സമര്‍പ്പിക്കേണ്ട അപേക്ഷാഫോറത്തിന്റെ പേരില്‍ കര്‍ഷകരെ പിഴിയുന്നതായുള്ള പരാതികളും ഉയര്‍ന്നു. രണ്ടു പുറങ്ങളായുള്ള ഫോറം കൃഷിഭവനുകളില്‍ ആവശ്യത്തിന് ഇല്ലാതെ വന്നതോടെ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് കര്‍ഷകര്‍ ഉപയോഗിച്ചുവരുന്നത്. കൃഷി ഓഫീസുകള്‍ക്കു സമീപമുള്ള കച്ചവടക്കാര്‍ ഇതിലൂടെ കൊള്ളലാഭമാണ് ഉണ്ടാക്കുന്നത്. മുന്‍കൂട്ടി കോപ്പി എടുത്ത് വെച്ചിരിക്കുന്ന കടകളില്‍ അപേക്ഷാഫോറത്തിന് അഞ്ച് മുതല്‍ പതിനഞ്ച് രൂപ വരെ തോന്നുംപടിയാണ് തുക ഈടാക്കുന്നത്. പരമാവധി ഫോട്ടോകോപ്പിയ്ക്ക് മൂന്ന് രൂപ മാത്രം ഈടാക്കാവുന്ന സ്ഥാനത്താണിത്.