25 February, 2019 03:29:15 PM
കിസാന്‍ സമ്മാന്‍ യോജന: ആദ്യഗഡു ലഭിച്ചതിന്‍റെ സന്തോഷം മധുരവിതരണത്തിലൂടെ പങ്കിട്ട് മോന്‍സി
ഏറ്റുമാനൂര്‍: പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന്‍ യോജന പദ്ധതിപ്രകാരം ആദ്യഗഡു ധനസഹായം ലഭിച്ച ഏറ്റുമാനൂരിലെ ആദ്യകര്‍ഷകന്‍ തന്‍റെ സന്തോഷം പങ്കിട്ടത് കൃഷിഭവനില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ തടിച്ചുകൂടിയ കര്‍ഷകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മധുരം വിതരണം ചെയ്ത്. പേരൂര്‍ പെരുമാലില്‍ മോന്‍സി പി തോമസാണ് ഇന്നലെ ഉച്ചയോടെ മിഠായിപായ്ക്കറ്റുകളുമായി ഏറ്റുമാനൂര്‍ കൃഷിഭവനില്‍ എത്തിയത്.
ഏറ്റുമാനൂര്‍ കൃഷിഭവന്‍റെ കീഴില്‍ ആദ്യഅപേക്ഷ മോന്‍സിയുടേതായിരുന്നു. ആദ്യം ഓണ്‍ലൈനില്‍ അപ്ഡേറ്റ് ചെയ്യപ്പെട്ടതും ഈ അപേക്ഷയായിരുന്നു. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ധനസഹായം വിതരണം ചെയ്തു തുടങ്ങിയപ്പോള്‍ ആദ്യദിവസം തന്നെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ലഭിച്ച ഏറ്റുമാനൂരില്‍ നിന്നുള്ള കര്‍ഷകരില്‍ ആദ്യപേരുകാരന്‍ മോന്‍സി ആകുകയായിരുന്നു. പേരൂര്‍ തെള്ളകം പാടശേഖരത്തിലെ നെല്‍കര്‍ഷകന്‍ കൂടിയാണ് മോന്‍സി.
പ്രളയവും പ്രതികൂലസാഹചര്യങ്ങളും മൂലം തെള്ളകം പാടത്ത് കൃഷിയിറക്കാനാവാതെ വന്നപ്പോള്‍ തരിശ് കിടന്ന് പന്നികൊമ്പ് പാടത്ത് ഒറ്റയ്ക്ക് കൃഷിയിറക്കി കര്‍ഷകരുടെയിടയില്‍ ശ്രദ്ധ പിടിച്ചുപറ്റിയ മോന്‍സി ഒരു സാമൂഹികപ്രവര്‍ത്തകന്‍ കൂടിയാണ്. നെല്‍കൃഷിയ്ക്കു പുറമെ പാടത്ത് വിളയിച്ച പച്ചക്കറി "കര്‍ഷകന്‍റെ കട"യിലൂടെ ജനങ്ങള്‍ക്ക് നേരിട്ടെത്തിച്ച് ഇടനിലക്കാരുടെ ചൂഷണത്തിനെതിരെ പോരാടിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇന്നലെ വരെ 2200ലധികം അപേക്ഷകള്‍ ഏറ്റുമാനൂര്‍ കൃഷിഭവനില്‍ ലഭിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത്, ഏറ്റുമാനൂര്‍ നഗരസഭാ പരിധികളിലുള്ള ഏഴ് കൃഷിഭവനുകളില്‍ നിന്നായി കഴിഞ്ഞ ഞായറാഴ്ച വരെ 8505 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ അംഗീകരിക്കപ്പെട്ട 1441 അപേക്ഷകള്‍ ഓണ്‍ലൈനില്‍ അപ് ലോഡ് ചെയ്തതായി കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ആന്‍റണി ജോര്‍ജ് പറഞ്ഞു. കിസാന്‍ സമ്മാന്‍ പദ്ധതി പ്രകാരം അപേക്ഷകള്‍ സമര്‍പ്പിക്കാനെത്തുന്നവരുടെ തിരക്ക് കൃഷിഭവന്‍റെ ദൈനംദിനപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുമുണ്ട്. അപേക്ഷ സ്വീകരിക്കുന്നത് ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസമായി ചുരുക്കുന്നതിനെ കുറിച്ചും അധികൃതര്‍ ചിന്തിച്ചുവരികയാണ്.