20 February, 2019 08:10:10 PM
നവജീവനിലെ അന്തേവാസികള്‍ക്ക് വേറിട്ട അനുഭവമായി പച്ചക്കറി വിളവെടുപ്പ് ഉത്സവം
ഏറ്റുമാനൂര്‍: വേറിട്ട ഒരു ആഘോഷവുമായി നവജീവനിലെ പച്ചക്കറി വിളവെടുപ്പ് ഉത്സവം. ആര്‍പ്പൂക്കര നവജീവന്‍ ട്രസ്റ്റിലെ അന്തേവാസികള്‍ നട്ടുവളര്‍ത്തിയ ജൈവപച്ചക്കറി തൈകളില്‍ നിന്ന് വിളവെടുത്തത്, ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയവര്‍ക്ക് പുത്തന്‍ അനുഭവമായി. പാവയ്ക്ക, പയര്‍, കാബേജ്, വെള്ളരി, പടവലം, കോവയ്ക്ക തുടങ്ങിയ പച്ചക്കറികള്‍ക്കൊപ്പം ചക്കയും വാഴക്കുലകളും കാച്ചിലും ചേനയും കപ്പയും ഒക്കെ സ്ഥാനം പിടിച്ച വിപണനമേളയും പ്രദര്‍ശനവും ഏറെ പുതുമയുളവാക്കി.
നവജീവനിലെ ഒന്നര ഏക്കര്‍ സ്ഥലത്ത് തികച്ചും ജൈവികമായാണ് അന്തേവാസികള്‍ പച്ചക്കറികള്‍ നട്ടു വളര്‍ത്തിയത്. നവജീവന്‍ ട്രസ്റ്റ് വളപ്പില്‍ നടന്ന പരിപാടി അഡ്വ.കെ.സുരേഷ് കുറുപ്പ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിന്‍റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായാണ് കാര്‍ഷികവികസന കര്‍ഷക ക്ഷേമ വകുപ്പ് വിളവെടുപ്പ് സംഘടിപ്പിച്ചത്. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബീനാ ബിനു അദ്ധ്യക്ഷത വഹിച്ചു. നവജീവന്‍ ട്രസ്റ്റ് സ്ഥാപകന്‍ പി.യു.തോമസ്, കോട്ടയം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ റജിമോള്‍ മാത്യു, കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ആന്‍റണി ജോര്‍ജ്, കൃഷി ഓഫീസര്‍മാരായ പാര്‍വ്വതി, ഗൌരി, കവിത, ഷൈമി, സുഭാഷ്, ലിനറ്റ്, നിത്യ തുടങ്ങിയവര്‍ സംബന്ധിച്ചു.