12 February, 2019 08:40:11 PM
ഏറ്റുമാനൂര്‍ - അയര്‍കുന്നം റോഡില്‍ ടോറസും കാറും കൂട്ടിയിടിച്ച് അപകടം: 5 പേര്‍ക്ക് പരിക്ക്
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ - അയര്‍കുന്നം റോഡില്‍ കണ്ണംപുര കവലയില്‍ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍യാത്രക്കാരും വഴിയാത്രക്കാരനും ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ വഴിയാത്രക്കാരന്‍ പുന്നത്തുറ തൊണ്ടുപള്ളിയില്‍ രാമചന്ദ്രനെ (62) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. ചൊവ്വാഴ്ച വൈകിട്ട് 4.30 മണിയോടെയായിരുന്നു അപകടം.
വെട്ടിമുകള്‍ - തെള്ളകം ബൈപാസ് റോഡിലൂടെ വന്ന ടോറസ് ലോറി നാല്‍ക്കവലയില്‍ അയര്‍കുന്നം - ഏറ്റുമാനൂര്‍ റോഡ് മറികടന്നപ്പോഴായിരുന്നു അപകടം. ആറുമാനൂര്‍ ഭാഗത്തുനിന്നും വന്ന കാറില്‍ ഇടിച്ച് നിയന്ത്രണം വിട്ട ലോറി റോഡരികിലുള്ള കുരിശുപള്ളിയും തകര്‍ത്താണ് നിന്നത്. കുരിശുപള്ളിയുടെ മുന്നില്‍ നിന്നിരുന്ന രാമചന്ദ്രന്‍റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. സ്കൂളില്‍ നിന്ന് വരുന്ന കുട്ടിയെ കൂട്ടികൊണ്ടുപോകാന്‍ കാത്തുനില്‍ക്കുകയായിരുന്നു രാമചന്ദ്രന്‍.
റോഡ് ആധുനികരീതിയില്‍ നവീകരിച്ചതിനുശേഷം നാല് മാസത്തിനകം പത്തിലധികം അപകടങ്ങള്‍ നടന്നതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. റോഡ് പണിയിലെ അപാകതയാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണമായി നാട്ടുകാര്‍ ചൂണ്ടികാട്ടുന്നത്. നവീകരിച്ച റോഡില്‍ ഹമ്പ് നിര്‍മ്മിക്കണമെന്ന ആവശ്യം അധികൃതര്‍ നിഷേധിച്ചതായും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.