10 February, 2019 09:57:07 PM
മോഷണം, കൊലപാതകശ്രമം കേസുകളിലെ പ്രതി ലങ്കോയെ വീണ്ടും കാപ്പ പ്രകാരം അറസ്റ്റ് ചെയ്തു
വൈക്കം: നിരവധി പിടിച്ചുപറി, മോഷണം, കൊലപാതകശ്രമം കേസുകളിലെ പ്രതി ലങ്കോ എന്ന പേരിൽ അറിയപ്പെടുന്ന ഓണിശ്ശേരി ലക്ഷം വിട് കോളനിയില്‍ അഖിലി(ഉണ്ണി-27)നെ കേരള സാമൂഹ്യ വിരുദ്ധപ്രവര്‍ത്തികള്‍ (തടയല്‍) നിയമം പ്രകാരം പിടികൂടി കരുതൽ തടങ്കലിൽ സൂക്ഷിക്കുന്നതിനായി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റി.
അഖിലിനെ രണ്ടാം തവണയാണ് കാപ്പ ആക്ട് പ്രകാരം കരുതൽ തടങ്കലിൽ സൂക്ഷിക്കുന്നത്. 2017 മാർച്ച് മുതൽ 2017 സെപ്റ്റംബർ വരെ ആറുമാസക്കാലം അഖിൽ കരുതൽ തടങ്കലിൽ ആയിരുന്നു. എന്നാൽ ജയില്‍ മോചിതനായി മൂന്നു ദിവസങ്ങള്‍ കഴിഞ്ഞ് താൻ ജയിലിൽ പോകാൻ ഇടയായവർക്കെതിരെ മാരകായുധം കാണിച്ചുകൊണ്ട് കൊലപാതകഭീഷണി മുഴക്കി. മാമലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയുടെ രണ്ട് ഭണ്ഡാരങ്ങളുടെ പൂട്ട് പൊളിച്ച് മോഷണം നടത്തിയ കേസില്‍ അറസ്റ്റിലായ അഖില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞുവരികയായിരുന്നു.
കഴിഞ്ഞ ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെ 2 മണിക്ക് വൈക്കം പോസ്റ്റോഫീസ് ജെംഗ്ഷന്‍ ഭാഗത്തുണ്ടായ കൊലപാതക കൃത്യത്തില്‍ അഖില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചതായി തെളിഞ്ഞിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം വൈക്കം പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് കെ വിശ്വനാഥ്, എസ്.സി.പി.ഒ സജീവ് കുമാര്‍, സി. പി. ഒ. പ്രശാന്ത്, എസ്.സി.പി.ഒ. അനില്‍കുമാര്‍, ഡ്രൈവര്‍ സി.പി.ഒ. മനീഷ് എന്നിവർ അടങ്ങുന്ന സംഘം ഇന്ന് രാവിലെ 3 മണിയോടെ താമസസ്ഥലത്തു നിന്നുമാണ് അഖിലിനെ പിടികൂടിയത്.