06 February, 2019 09:22:55 PM


കാരിത്താസ് റയില്‍വേ മേല്‍പ്പാലം യാഥാര്‍ഥ്യത്തിലേക്ക്; ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു




കോട്ടയം: കാരിത്താസ് റയില്‍വേ മേല്‍പ്പാലത്തിന്‍റെ നിര്‍മാണവുമായി ബന്ധപ്പെട്ട ടെന്‍ഡര്‍  നടപടികള്‍ അവസാന ഘട്ടത്തില്‍. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍  10 കോടി രൂപക്കും റയില്‍വേ  5 കോടി രൂപക്കും ഉള്ള ടെന്‍ഡര്‍ നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. റയില്‍വെ ലൈനിനു മുകളിലുള്ള ഭാഗത്തിന്റെ നിര്‍മ്മാണ ചുമതല റയില്‍വേയ്ക്കാണ്. 7.5 മീറ്റര്‍ വീതിയില്‍ മേല്‍പ്പാലവും അതിനോട് ചേന്ന് 1.5 മീറ്റര്‍ നടപ്പാതയും, ക്രാഷ് ബാരിയറും ചേര്‍താണ ്327 മീറ്റര്‍ നീളമുള്ള മേല്‍പ്പാലം. 

സ്ഥലവാസികള്‍ക്കും മറ്റും പ്രയോജനപ്രദമാകുന്ന 4 മീറ്റര്‍ വീതിയുള്ള സര്‍വീസ് റോഡും മേല്‍പ്പാലത്തിന്റെ സമീപത്തുണ്ടാവും. വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ കേന്ദ്ര ബഡ്ജറ്റില്‍ ഈ മേല്‍പ്പാലം സ്ഥാനം പിടിച്ചിരുങ്കെിലും സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ യഥാസമയത്ത് നടക്കാതെ വന്നതാണ് ഈ പദ്ധതി ഇത്രയുംവൈകിയതെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു. സാമൂഹിക ആഘാത പഠനം തുടങ്ങി ഒട്ടനവധി കടമ്പകളാണ് ഇതിനോടകം അതിജീവിച്ചത്.

മേല്‍പ്പാലം നിര്‍മ്മാണത്തിനായി സ്ഥലമേറ്റെടുക്കലുള്‍പ്പെടെ 23 കോടി രൂപയുടെ ഭരണാനുമതിയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. എം.സി റോഡില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്കും, വിദ്യാഭ്യാസ ആതുരാലയ സ്ഥാപനങ്ങളിലേക്കും മറ്റും വരുന്ന ആയിരക്കണക്കിന് വാഹനങ്ങള്‍ക്ക് ഈ മേല്‍പ്പാലം ഏറെ പ്രയോജനകരമാവും. നിര്‍ദ്ദിഷ്ടസ്ഥലത്തിലൂടെ കടന്നു പോകുന്ന വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനും ഇലക്ട്രിസിറ്റി ബോര്‍ഡിന്‍റെ ലൈനുകളും അടിയന്തരമായി മാറ്റി സ്ഥാപിക്കും. ആര്‍.ബി.ഡി.സി.കെ സീനിയര്‍ പ്രൊജക്റ്റ് എന്‍ജിനീയര്‍ റീനു ജോണിന്‍റെ നേതൃത്വത്തില്‍ റയില്‍വേ, കെ.എസ്.ഈ.ബി , വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ നിര്‍ദ്ദിഷ്ടസ്ഥലം സന്ദര്‍ശിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K