03 February, 2019 10:50:11 PM


സര്‍ക്കാരിന്‍റെ റോഡ് വികസന മാതൃക നാടിന്‍റെ മുഖഛായ മാറ്റും - മന്ത്രി ജി. സുധാകരന്‍




കാഞ്ഞിരപ്പള്ളി: സംസ്ഥാന സര്‍ക്കാരിന്‍റെ റോഡ് വികസന മാതൃക നാടിന്‍റെ മുഖഛായ മാറ്റുമെന്ന് മന്ത്രി ജി. സുധാകരന്‍.  ഉയര്‍ന്ന നിലവാരത്തില്‍ ഉള്‍നാടന്‍ റോഡുകള്‍ പോലും വികസിപ്പിക്കുന്ന വികസന മാതൃകയാണ് സര്‍ക്കാര്‍ അവംലംബിച്ചിരിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ 1000 ദിനാഘോഷങ്ങളുടെ മുന്നൊരുക്കമായി കാഞ്ഞിരപ്പള്ളി - കാഞ്ഞിരംകവല റോഡ് നാടിന് സമര്‍പ്പിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളിയില്‍ സംസാരിക്കവെ മന്ത്രി പറഞ്ഞു. 80 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തിയാക്കിയ റോഡാണ് പാല, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന 36 കി.മി ദൈര്‍ഘ്യമുള്ള കാഞ്ഞിരപ്പള്ളി - കാഞ്ഞിരംകവല റോഡ്.

128.91 കോടിയുടെ പ്രത്യേക പദ്ധതിയില്‍ പെടുത്തി നിര്‍മ്മിച്ച രണ്ട് റോഡുകളാണ് തിരുവനന്തപുരത്തെ വെള്ളനാട്- ചെറ്റച്ചല്‍ റോഡും കാഞ്ഞിരപ്പള്ളി - കാഞ്ഞിരംകവല റോഡും. 13 വര്‍ഷത്തെ ഡിസൈന്‍ കാലാവധിയാണ് ഈ റോഡിന് നല്‍കിയിട്ടുള്ളത്. ഇത് സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിന് ഹെല്‍പ്പ് ലൈന്‍ സംവിധാനം ഉള്‍പ്പെടെ ഒരുക്കിയാണ് കരാര്‍ കമ്പനി സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. റോഡുസുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള എല്ലാ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. എന്നാല്‍ ചെറിയ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ഇതുപോലൊരു ബൃഹത് പദ്ധതിയെ ബഹിഷ്‌കരിച്ച പഞ്ചായത്ത് കമ്മറ്റിയുടെ നടപടിയെ മന്ത്രി നിശിതമായി വിമര്‍ശിച്ചു.   

മേലുകാവ് മറ്റം ടൗണിലും കാഞ്ഞിരപ്പള്ളിയിലുമായാണ് റോഡിന്‍റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചത്. മേലുകാവില്‍ കെ.എം മാണി എംഎല്‍എയും കാഞ്ഞിരപ്പള്ളിയില്‍ ഡോ. എന്‍. ജയരാജ് എംഎല്‍എയും ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളിയില്‍ ആന്‍റോ ആന്‍റണി എംപി വിശിഷ്ടാതിഥിയായിരുന്നു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷക്കീല നസീര്‍, അംഗങ്ങളായ ജോളി ഫ്രാന്‍സിസ്, ജേക്കബ് ജോസ്, സുബിന്‍ സലിം, വിദ്യ രാജേഷ്, ഷീല തോമസ്, ബീന ജോബി, തുടങ്ങിയവര്‍ പങ്കെടുത്തു. റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി കേരള ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എസ് സരസിജ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കമ്പനി എംഡി കെ. ആര്‍ മധുമതി സ്വാഗതവും അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K