28 January, 2019 09:12:44 PM
വെള്ളത്തിനായി കര്‍ഷകര്‍ ഏറ്റുമുട്ടിയ പേരൂര്‍ പാടത്തെ സംഘര്‍ഷാവസ്ഥയ്ക്ക് പരിസമാപ്തി
കോട്ടയം: വെള്ളത്തിന് വേണ്ടി നെല്‍കര്‍ഷകര്‍ തമ്മില്‍ നിലനിന്ന സംഘര്‍ഷത്തിന് പരിസമാപ്തി. ഏറ്റുമാനൂര്‍ പേരൂര്‍ - തെള്ളകം പാടശേഖരങ്ങളിലെ കര്‍ഷകര്‍ തമ്മില്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി നിലനിന്ന സംഘര്‍ഷം അധികാരികളുടെ മധ്യസ്ഥയില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു. മീനച്ചിലാറ്റില്‍ പാലാപ്പുഴ പമ്പ് ഹൌസില്‍ നിന്നും കൃഷിക്കായി കനാല്‍വഴി എത്തിക്കുന്ന വെള്ളമെടുക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കം വെട്ടിലും കുത്തിലും കലാശിച്ചത് കഴിഞ്ഞ മാര്‍ച്ചിലായിരുന്നു. തുടര്‍ന്ന് നിലനിന്ന ആശങ്കകള്‍ക്കിടെ പ്രളയത്തില്‍ കൃഷി നശിച്ച അവസ്ഥയുമുണ്ടായി.
തെള്ളകം പാടത്തിന്റെ തെക്കേ അറ്റത്ത് പാറമ്പുഴ കുഴിചാലിപടിയോട് ചേര്‍ന്ന് കിടക്കുന്ന പന്നികൊമ്പ് പാടത്തെ കര്‍ഷകരും പേരൂര്‍ പുഞ്ച പാടശേഖരത്തെ കര്‍ഷകരും തമ്മിലാണ് ജലസേചനത്തിനുള്ള വെള്ളത്തിന് വേണ്ടി ഏറ്റുമുട്ടല്‍ ഉണ്ടായത്. കൃഷിക്കാവശ്യമായ വെള്ളം ലഭിക്കാതെ വന്നതിനെ തുടര്‍ന്നായിരുന്നു കര്‍ഷകര്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ വെട്ടേറ്റു അഞ്ചു കര്‍ഷകര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തിനു ശേഷം പേരൂര്‍ പുഞ്ച പാടശേഖരത്തിലെ കര്‍ഷകര്‍ പന്നികൊമ്പിലേക്ക് വെള്ളം കൊണ്ടുപോകാന്‍ സമ്മതിക്കാതെ വന്നത് വീണ്ടും സംഘര്‍ഷാവസ്ഥക്ക് കാരണമായിരുന്നു. ഇതേതുടര്‍ന്ന് കുഴിചാലിപടിയിലെ പമ്പ് ഹൗസ് അധികൃതര്‍ പ്രവര്‍ത്തന സജ്ജമാക്കിയെങ്കിലും പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരമായില്ല.
കഴിഞ്ഞ ദിവസം നഗരസഭാ അധികൃതരും മൈനര്‍ ഇറിഗേഷന്‍ വകുപ്പ് എഞ്ചിനീയര്‍മാരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പാടശേഖരസമിതി പ്രതിനിധികളുമായി നടന്ന ചര്‍ച്ചയിലാണ് പ്രശ്‌നപരിഹാരമായത്. പാലാപ്പുഴ പമ്പ് ഹൌസില്‍ നിന്നുമുള്ള വെള്ളം വിവിധ ദിവസങ്ങളില്‍ നിശ്ചിത പാടങ്ങളിലേക്ക് മാത്രം ഒഴുക്കാന്‍ കര്‍ഷകര്‍ ധാരണയായി.
പേരൂര്‍ പാടശേഖരത്തേക്ക് വെള്ളാപ്പള്ളി കനാലിലൂടെ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പകലും വെള്ളമെത്തും. വ്യാഴാഴ്ച രാത്രി മുതല്‍ വെള്ളിയാഴ്ച രാത്രി വരെ വാഴത്തറ കനാലിലൂടെയും ജലമെത്തും. തിങ്കളാഴ്ച രാത്രി 9.30 മുതല്‍ ചൊവ്വാഴ്ച വൈകിട്ട് 6.30 വരെയാണ് പന്നികൊമ്പ് പാടത്തേക്ക് വെള്ളമെത്തുക. തുരുത്തി പാടശേഖരത്തേക്ക് തിങ്കളാഴ്ചയും വ്യാഴാഴ്ചയും പകല്‍സമയങ്ങളില്‍ വെള്ളമൊഴുക്കും. ശനിയാഴ്ച തുരുത്തി, വെള്ളാപ്പള്ളി കനാലുകളിലൂടെ ആവശ്യക്കാര്‍ക്ക് വെള്ളമെത്തിക്കാനും ധാരണയായി.