17 January, 2019 06:23:25 PM
ആരോഗ്യമേഖലയില്‍ വിപ്ലവകരമായ പുരോഗതി സാധ്യമാക്കി-ആരോഗ്യമന്ത്രി
കോട്ടയം: ആരോഗ്യമേഖലയില്‍ വിപ്ലവകരമായ പുരോഗതി സാധ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടുള്ളതായി ആരോഗ്യ-സാമൂഹ്യനീതി വകുപ്പു മന്ത്രി കെ.കെ.ഷൈലജ പറഞ്ഞു. 46 ലക്ഷം രൂപ ചെലവഴിച്ച് കുമരകം പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഹോമിയോ-ആയുര്‍വ്വേദാശുപത്രി കെട്ടിട സമുച്ചയത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ അധികാരത്തിലേറുന്ന സമയത്ത് ആയിരത്തിന് 12 ആയിരുന്ന ശിശുമരണ നിരക്ക് ഇപ്പോള്‍ പത്തായി കുറയ്ക്കാനായി. 67 ല്‍ നിന്ന് 46 ആയിരുന്ന കുറച്ചു കൊണ്ടുവന്ന മാതൃശിശു മരണ നിരക്ക് 2020 ല്‍ 30 ആക്കാനാണ് നീക്കം. ഇത്തരം നേട്ടങ്ങള്‍ക്കിടയിലും പകര്‍ചവ്യാധി - ജീവിത ശൈലീ രോഗങ്ങളുടെ വര്‍ദ്ധനവ് ആരോഗ്യമേഖലയില്‍ ഭീഷണിയായി ഉയരുന്നുണ്ട്. ഇതു സംബന്ധിച്ച് ശാസ്ത്രീയ പഠനങ്ങള്‍ നടന്നു വരുകയാണ്. ആരോഗ്യ പ്രശ്നങ്ങളുടെ വര്‍ദ്ധനവ് തടയുന്നതിന് ശക്തമായ നിയന്ത്രണ പരിപാടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. പൊതുജനങ്ങളുടെ പങ്കാളിത്തതോടെ ആരംഭിച്ച ആരോഗ്യ ജാഗ്രതാ കാമ്പയിന്‍ വിജയകരമായി തന്നെ തുടരണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.
ഹോമിയോ-ആയൂര്‍വ്വേ ചികിത്സാ രീതികള്‍ പൂര്‍ണ്ണമായും വളര്‍ത്തിയെ ടുക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായി ഇന്റര്‍ നാഷണല്‍ ആയുര്‍വ്വേദ ഗവേഷണ കേന്ദ്രം സ്ഥാപിച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണെന്നും മന്ത്രി പറഞ്ഞു. പുതുതായി നിര്‍മ്മിച്ച അങ്കണവാടി, പഞ്ചായത്തിന്റെ പുതിയ ഡിജിറ്റല്‍ ആപ്ലിേക്കഷന്‍ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുന്‍ എം.എല്‍.എ വി.എന്‍.വാസവന്‍, ധീരതയ്ക്കുളള രാഷ്ട്രപതിയുടെ പുരസ്‌ക്കാരത്തിന് തെരെഞ്ഞെടുക്കപ്പെട്ട മാസ്റ്റര്‍ അശ്വിന്‍ സജീവ്, ബി.എസ്.സി അഗ്രിക്കള്‍ച്ചര്‍ (ഹോണ്‍സ്) പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഐശ്വര്യ സാബു എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. അങ്കണത്തില്‍ നടന്ന ചടങ്ങില്‍ അഡ്വ.കെ.സുരേഷ് കുറുപ്പ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സണ്ണി പാമ്പാടി, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന ബിനു, ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹന്‍, ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി. ബിന്ദു, ആയൂര്‍വ്വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ, ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റോയി മാത്യൂ, മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ആര്‍. രാജേഷ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ കെ.എസ്. സലിമോന്‍, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.എന്‍. ശ്രീദേവി തുടങ്ങിയവര്‍ സംസാരിച്ചു. കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ. പി സലിമോന്‍ സ്വാഗതവും സെക്രട്ടറി റ്റി. സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു.