26 February, 2016 05:20:18 PM
കാര്‍ഷിക കലണ്ടര്‍ ഗുണം ചെയ്തു : ഇടവപ്പാതിക്കു മുമ്പ് പുഞ്ചവയല്‍ കൊയ്യും
കാര്‍ഷിക കലണ്ടര്‍ അനുസരിച്ചു തന്നെ കൃഷി ഇറക്കണമെന്ന ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ബന്ധം ഗുണം ചെയ്തു. ഇത്തവണ ഏപ്രില്‍ 15 ന് മുമ്പ് പുഞ്ചപ്പാടങ്ങള്‍ കൊയ്തു തീരും. ജില്ലാ കളക്ടര്‍ യു.വി ജോസിന്‍റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന പാഠശേഖര സമിതിയുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം ഇത് സംബന്ധിച്ച ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു. കൊയ്ത്തുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. എല്ലാ പാഠശേഖരങ്ങളിലും കൊയ്ത്തുമെതി യന്ത്രം ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇടനിലക്കാരുടെ ഇടപെടല്‍ നിയന്ത്രിക്കാനും മെതിയന്ത്രങ്ങളുടെ വാടക ഏകീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ചുമട്ടു തൊഴിലാളികള്‍ അമിതകൂലി ഈടാക്കാതിരിക്കാനും നടപടി സ്വീകരിക്കും. ഇതിന് എഡിഎം, പോലീസ്, ലേബര്‍, അഗ്രികള്‍ച്ചറല്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സമിതി രൂപീകരിക്കും.
ജില്ലാ പഞ്ചായത്തിന്‍റെയും കെയ്കോയുടെയും പക്കലുള്ള മെഷീനുകളുടെ പ്രവര്‍ത്തന യോഗ്യമാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജില്ലാ കളക്ടറെ അറിയിച്ചു. യോഗത്തില്‍ വാട്ടര്‍ മാനേജ്മെന്‍റ് ഡെപ്യൂട്ടി ഡയറക്ടര്‍ ടെസ്സി ജോസഫ്, കൃഷി വകുപ്പ് ടെക്നിക്കല്‍ ഓഫീസര്‍ എബ്രഹാം മാത്യു, പാഠശേഖര സമിതി ഭാരവാഹികള്‍ മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.