
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം എസ് മണി (79) അന്തരിച്ചു. കലാകൗമുദിയുടെ സ്ഥാപക പത്രാധിപരായിരുന്നു അദ്ദേഹം. രോഗ ബാധിതനായി ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. കേരള കൗമുദിയില്‍ പത്രാധിപരായിരുന്ന കെ സുകുമാരന്റെ മകനായ അദ്ദേഹം കേരള കൗമുതിയില്‍ റിപ്പോര്‍ട്ടര്‍ ആയാണ് തന്റെ പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. മാധ്യമരംഗത്തെ മികവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തേ തേടി എത്തിയിട്ടുണ്ട്.
കേരളകൗമുദി ദിനപത്രത്തിന്റെ സ്ഥാപക പത്രാധിപര്‍ കെ. സുകുമാരന്റെയും മാധവീ സുകുമാരന്റെയും മകനായി 1941 നവംബര്‍ നാലിന് കൊല്ലം ജില്ലയില്‍ ജനിച്ചു. ഒരു ആനുകാലിക പ്രസിദ്ധീകരണമായി കേരളകൗമുദി ആരംഭിച്ച മുത്തച്ഛന്‍ സി.വി. കുഞ്ഞുരാമന്റെ സ്‌നേഹലാളനകളനുഭവിച്ച് മയ്യനാട് പാട്ടത്തില്‍ വീട്ടിലായിരുന്നു ബാല്യം ചെലവഴിച്ചത്. സിവിയുടെ ഇളയ സഹോദരി ഗൗരിക്കുട്ടിയും അദ്ദേഹത്തിന്റെ അനന്തരവള്‍ സി. എന്‍. സുഭദ്രയുമായിരുന്നു.
കേരളകൗമുദിയുടെ എഡിറ്ററായി 1969ല്‍ ചുമതലയേറ്റ എം.എസ്. മണിയാണ് 'മണ്‍ഡേ മാഗസിന്‍' തുടങ്ങിയ പുതിയ മാഗസിന്‍ സംസ്‌കാരം മലയാള പത്രങ്ങളില്‍ കൊണ്ടുവന്നത്. ഞായറാഴ്ചപ്പതിപ്പുകള്‍ അക്കാലത്ത് മലയാള പത്രങ്ങള്‍ക്കില്ലായിരുന്നു. അതിന്റെ തുടക്കമായി മാറിയ 'കേരളകൗമുദി മണ്‍ഡേ മാഗസിന്‍' അക്കാലത്തെ പ്രധാന ചര്‍ച്ചാവിഷയമായിരുന്നു. ഞായറാഴ്ച അവധിയായിരുന്ന സ്ഥിതി മാറ്റി കേരളകൗമുദി ഏഴുദിന പത്രമാക്കി മാറ്റിയതിനു പിന്നിലും ഇദ്ദേഹമായിരുന്നു.
അടിയന്തരാവസ്ഥക്കാലത്ത് രാഷ്ട്രീയകാരണങ്ങളാല്‍ കേരളകൗമുദിയില്‍ നിന്ന് പുറത്തു പോകേണ്ടിവന്ന എം. എസ്. മണി 'കലാകൗമുദി' വാരിക ആരംഭിച്ചു. മലയാളിയുടെ ചിന്താധാരയെ സ്വാധീനിച്ച ആ പ്രസിദ്ധീകരണം വലിയൊരു പ്രസിദ്ധീകരണ ശൃംഖലയായി വളര്‍ന്നു. ആറ് പ്രസിദ്ധീകരണങ്ങള്‍ ഇപ്പോള്‍ 'കലാകൗമുദി' കുടുംബത്തില്‍ നിന്ന് പുറത്തിറങ്ങുന്നുണ്ട്. മുംബൈയില്‍ നിന്ന് 1990ല്‍ മലയാളത്തില്‍ ആരംഭിച്ച 'കലാകൗമുദി' ദിനപത്രം കേരളത്തിന് പുറത്ത് അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന ആദ്യ മലയാള ദിനപത്രമെന്ന ഖ്യാതിയും സ്വന്തമാക്കി. സംസ്‌കാരം പിന്നീട്.






































