07 May, 2025 10:57:36 AM


ഓപ്പറേഷന്‍ സിന്ദൂറിന് മിനിറ്റുകള്‍ക്ക് മുന്‍പ് വിഡിയോ പോസ്റ്റ് ചെയ്ത് ഇന്ത്യന്‍ ആര്‍മി



ന്യൂഡൽഹി : പാക് ഭീകരതാവളങ്ങള്‍ക്കുനേരെ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് മിനിറ്റുകള്‍ക്ക് മുന്‍പ് വിഡിയോ പോസ്റ്റ് ചെയ്ത് ഇന്ത്യന്‍ ആര്‍മി. ഓപ്പറേഷന്‍ ആരംഭിക്കുന്നതിനു 15മിനിറ്റുകള്‍ മുന്‍പാണ് ആകാശത്തും കരയിലും കടലിലും ഞങ്ങള്‍ സര്‍വം സജ്ജം എന്നുവിളിച്ചോതും വിധമുള്ള വിഡിയോ ഇന്ത്യന്‍ ആര്‍മി പോസ്റ്റ് ചെയ്തത്.

'പോരാട്ടത്തിനു തയ്യാര്‍, വിജയിക്കാന്‍ ശീലിച്ചു' എന്നര്‍ത്ഥം വരുന്ന കാപ്ഷനാണ് വിഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്. ഒരുമിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ സൈന്യത്തിന്റെ പരിശീലനവും, യുദ്ധതന്ത്രങ്ങളും, ആയുധവിന്യാസങ്ങളുമാണ് കാണാന്‍ കഴിയുക. സംയുക്തസൈന്യത്തിന്റെ ശക്തിയാണ് സൈന്യം ബോധ്യപ്പെടുത്തുന്നത്. യുദ്ധടാങ്കുകളില്‍ നിന്നുള്ള ഫയറിങ്ങും, വിവിധ ടെറയിനുകളിലേക്കുള്ള മിസൈല്‍പ്രഹരവും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സൈന്യത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ കൂടിയാണ് ഓപ്പറേഷനു മിനിറ്റുകള്‍ മുന്‍പ് വിഡിയോ പങ്കുവച്ചത്.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ചുട്ടെരിക്കാൻ ഇന്ത്യൻ സൈന്യം എടുത്തത് വെറും 23 മിനിറ്റ്. റഫാല്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചാണ് ക്രൂസ് മിസൈലുകള്‍ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി തൊടുത്തത്. ഇന്ത്യയുടെ കര-വ്യോമ-നാവിക സേന സംയുക്തമായി നടത്തിയ ഓപ്പറേഷൻ സിന്ദൂറില്‍ ഭീകര പരിശീലന കേന്ദ്രങ്ങള്‍, ഭീകരർ ആയുധം സൂക്ഷിക്കുന്ന കേന്ദ്രങ്ങള്‍ എന്നിവ ചുട്ടെരിച്ചു.

ബഹാവല്‍പുരിലെ സുബ്ഹാനുള്ള മോസ്കില്‍ ആക്രമണം ഉണ്ടായെന്നും റിപ്പോർട്ടുണ്ട്. ജയ്ഷെ മുഹമ്മദിൻറെ കേന്ദ്രങ്ങളിലൊന്നാണ് സുബ്ഹാനുള്ള മോസ്ക്. മുരിദ്കെയിലെ ലഷ്കർ താവളമായ മർകസ് തയ്ബ, ജയ്ഷെ കേന്ദ്രമായ തെഹ്ര കാലാനിലെ സർജല്‍, സിയാല്‍ കോട്ടിലെ ഹിസ്ബുള്‍ മുജാഹിദ്ദീൻ കേന്ദ്രമാ മെഹ്മൂന ജോയ, ബർണാലയിലെ ജയ്ഷെ കേന്ദ്രമായ മർകസ് ആലെ ഹാദിത്ത്, കോട്ലിയിലെ ജയ്ഷെ കേന്ദ്രം മർകസ് അബ്ബാസ്, കോട്ലിയിലെ തന്നെ ഹിസ്ബുള്‍ താവളമായ മസ്കർ രഹീല്‍ ഷഹീദ്, മുസാഫറബാദിലെ ലഷ്കർ ക്യാംപായ ഷവായ് നല്ലാ ക്യാംപ്, ജയ്ഷെ താവളമായ സയ്യിദിന ബിലാല്‍ ക്യാംപ് എന്നിവിടങ്ങളിലാണ് 23 മിനിറ്റ് കൊണ്ട് സൈന്യം നാശം വിതച്ചത്.

ഇന്ത്യയിലേക്ക് ഭീകരരെ കടത്തിവിടാൻ സജ്ജമാക്കുന്ന ലോഞ്ച്പാഡുകളടക്കം സൈന്യം തകർത്തവയിലുണ്ട്. ലോഞ്ച്പാഡുകളുടെ തന്ത്രപ്രധാനമായ വിവരങ്ങള്‍ ശേഖരിച്ച സൈന്യം അത് സാറ്റലൈറ്റ് ചിത്രങ്ങളുമായി താരതമ്യപ്പെടുത്തി കൃത്യമായ ആസൂത്രണമാണ് നടത്തിയത്. ഈ വിവരങ്ങള്‍പ്രകാരം റഫാലടക്കമുള്ളവ വിന്യസിക്കുകയും മാരകപ്രഹരം ഏല്‍പ്പിക്കാനും സൈന്യത്തിനായി.

അതിർത്തിയില്‍ ഏതുസാഹചര്യം നേരിടാനും സജ്ജമാണെന്ന് സൈന്യം അറിയിച്ചു. രാജ്യാന്തര അതിർത്തിയില്‍ ബിഎസ്‌എഫ് അതീവ ജാഗ്രത പ്രഖ്യാപിച്ചു. കശ്മീർ താഴ്വരയിലും ശ്രീനഗറിലും കനത്ത സുരക്ഷ ഏർപ്പെടുത്തി. അതേസമയം, അതിർത്തിയില്‍ പാകിസ്ഥാൻ കടുത്ത പ്രകോപനം തുടരുകയാണ്. ഐക്യരാഷ്ട്ര സംഘടനയുടെ പൂഞ്ചിലെ ഫീല്‍ഡ് സ്റ്റേഷൻ ലക്ഷ്യമിട്ടാണ് ആക്രമണം ഉണ്ടായത്. പാക് ആക്രമണത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് പരുക്കേറ്റു. ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ പാക് സൈനികർക്കും പരുക്കേറ്റിട്ടുണ്ട്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K