08 April, 2025 08:02:11 PM
കോട്ടയം ജില്ലാ ജയിൽ അന്തേവാസികൾക്കായി ബഹുഭാഷാ ലൈബ്രറി തുറന്നു

കോട്ടയം : ജില്ലാ ജയിലിലെ അന്തേവാസികൾക്ക് കൂട്ടായി ഇനി നാലായിരം പുസ്തകങ്ങൾ. ജയിലിൽ നവീകരിച്ച ബഹുഭാഷാ ലൈബ്രറിയുടെ ഉദ്ഘാടനം ജില്ലാ ലീഗൽ സർവ്വീസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ ജി. പ്രവീൺ കുമാർ നിർവഹിച്ചു. വായനയിലൂടെ സമാഹരിച്ച അറിവുകൾ ജീവിതത്തിലും ജീവിതനിലവാരത്തിലും മാറ്റങ്ങൾ വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. വായനയിലൂടെ അന്തേവാസികളുടെ മാനസികാരോഗ്യം ലക്ഷ്യമിട്ട്ജി ല്ലാ സബ് കളക്ടർ ഓഫീസും തമിഴ്നാട്ടിലെ കൃഷ്ണഗിരി കുക്കു ഫോറസ്റ്റ് സ്‌കൂളും ചേർന്നാണ് ബഹുഭാഷാ ലൈബ്രറി ഒരുക്കിയത്. ഒമ്പത് ഭാഷകളിലായി നിലവിൽ നാലായിരത്തോളം പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്. പല സംസ്ഥാനങ്ങളിൽ നിന്നുള്ള അന്തേവാസികൾ ആയതിനാൽ ഭാഷയുടെ ബുദ്ധിമുട്ട് ഇവർക്ക് വായനയ്ക്ക് തടസമാകാതെ ഇരിക്കാനാണ് ബഹുഭാഷാ ലൈബ്രറി ഒരുക്കിയത്. 126 അന്തേവാസികളാണ് ജയിലുള്ളത്. പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് റീജണൽ വെൽഫെയർ ഓഫീസർ ടി.ജി. സന്തോഷ് അധ്യക്ഷത വഹിച്ചു. സബ് കളക്ടർ ഡി. രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി. പ്രശസ്ത എഴുത്തുകാരനും പത്രപ്രവർത്തകനുമായ കെ.സി. നാരായണൻ, ജില്ലാ ജയിൽ സൂപ്രണ്ട് വി.ആർ. ശരത്, അസിസ്റ്റന്റ് സൂപ്രണ്ട് വി.ജി. ഹരികുമാർ, വെൽഫെയർ ഓഫീസർ ജോർജ് ചാക്കോ, കുക്കു ഫോറസ്റ്റ് സ്‌കൂൾ പ്രതിനിധി അൻപുരാജ്, പബ്ലിക് ലൈബ്രറി എക്സിക്യൂട്ടീവ് സെക്രട്ടറി കെ.സി. വിജയകുമാർ എന്നിവർ പ്രസംഗിച്ചു.