22 February, 2025 08:14:44 PM
ജൽനയിൽ ടിപ്പറിൽ നിന്ന് ഇറക്കിയ മണ്ണിനടിയില്‍പ്പെട്ട് അഞ്ച് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയിലെ ജല്‍നയില്‍ ടിപ്പറില്‍ നിന്ന് ഇറക്കിയ മണ്ണിനടിയില്‍ പെട്ട് അഞ്ച് തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടമായി. മരിച്ചതില്‍ 16 കാരനും ഉള്‍പ്പെടുന്നു. രണ്ട് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മരിച്ചവരില്‍ ഗണേഷ് ധന്‍വേയ് (60), മകന്‍ ഭുഷണ്‍ ധന്‍വേയ് (16), സുനില്‍ സപ്കല്‍ (20) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് രണ്ട് വരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
നിര്‍മാണ സ്ഥലത്തെ താല്‍ക്കാലിക ഷെഡില്‍ താമസിച്ചവരാണ് മരിച്ചത്. ജഫ്രാബാദ് തെഹ്‌സിലിലെ പസോഡി ചാന്ദോളിലെ പാലം പദ്ധതി നടക്കുന്ന സ്ഥലത്ത് പുലര്‍ച്ചെയാണ് അപകടം നടന്നത്. അപകടം നടക്കുമ്പോള്‍ തൊഴിലാളികള്‍ ഉറങ്ങുകയായിരുന്നു. ഈ സമയത്ത് മണല്‍ കയറ്റിയ ലോറി സ്ഥലത്തെത്തുകയും ആളുകളുണ്ടെന്ന് അറിയാതെ ലോറി ഡ്രൈവര്‍ ഷെഡില്‍ മണലിറക്കുകയായിരുന്നു.
മണലിന്റെ ഭാരത്തില്‍ ഷെഡ് തകരുകയായിരുന്നു. എന്നാല്‍ അപകടം നടന്നയുടനേ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.