04 February, 2025 12:13:06 PM


അച്ഛൻ്റെ സംസ്കാരത്തെ ചൊല്ലി തർക്കം; മൃതദേഹം മുറിച്ച് നല്‍കണമെന്ന് മൂത്ത മകന്‍; ഇടപെട്ട് പൊലീസ്



ഭോപ്പാൽ: മധ്യപ്രദേശിലെ ടികംഗഢ് ജില്ലയിൽ അച്ഛൻ്റെ മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലി മക്കൾ തമ്മിൽ തർക്കം. കഴിഞ്ഞ ഞായറാഴ്ചയാണ് ധ്യാനി സിങ് ഘോഷ് എന്ന 84 കാരൻ ദീർഘ കാല അസുഖത്തെ തുടർന്ന് മരണപ്പെട്ടത്. ഇളയ മകനായ ദേശ് രാജിനൊപ്പമായിരുന്നു ഇയാൾ താമസിച്ച് വന്നിരുന്നത്. അച്ഛൻ്റെ മരണവിവരം അറിഞ്ഞ് മൂത്ത മകനായ കിഷനും മര‌ണവീട്ടിൽ എത്തുകയായിരുന്നു.

പിന്നാലെ അച്ഛൻ്റെ അന്ത്യകർമ്മങ്ങൾ ആര് ചെയ്യുമെന്നതിനെ തുടർന്ന് മക്കൾക്കിടയിൽ തർക്കം ഉടലെടുക്കുകയായിരുന്നു. മൂത്ത മകനായ താനാണ് അന്ത്യകർമ്മങ്ങൾ ചെയ്യേണ്ടതെന്ന് കിഷനും ഇളയ മകനായ താൻ അന്ത്യകർമ്മം ചെയ്യണമെന്നാണ് അച്ഛൻ്റെ ആ​ഗ്രഹമെന്ന് ദേശ് രാജും പറഞ്ഞു. സംഭവത്തെ ചൊല്ലി ഇരുവരും തമ്മിൽ തർക്കത്തിലേർപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ അച്ഛൻ്റെ ശരീരം രണ്ട് തുല്യ കഷ്ണങ്ങളാക്കി അന്ത്യകർമ്മങ്ങൾ ചെയ്യാമെന്ന് മൂത്ത മകൻ നിർബന്ധം പിടിച്ചു. എന്നാൽ ഇതിനെ ചൊല്ലിയും തർക്കം നീണ്ടുനിന്നു. 

പിന്നാലെ നാട്ടുകാരും പൊലീസും ചേർന്ന് പ്രശ്നം ഒതുക്കി തീർക്കുകയായിരുന്നു. മൂത്ത മകനെ പൊലീസ് സ്ഥലത്തെത്തി ശാന്തനാക്കുകയും പിന്നാലെ ഇളയ മകൻ അന്ത്യകർമ്മങ്ങൾ ചെയ്യുകയും അയാളുടെ വീട്ടില്‍ തന്നെ അച്ഛൻ്റെ മൃതദേഹം സംസ്‌കരിക്കുകയുമായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K