17 March, 2024 03:49:55 PM
അധികൃതരുടെ അനാസ്ഥ: കൃഷി ഉപേക്ഷിക്കാൻ തയ്യാറായി ഒരു കൂട്ടം നെൽ കർഷകർ
ഏറ്റുമാനൂർ: അധികൃതരുടെ അനാസ്ഥക്ക് മുന്നിൽ കൃഷി ഉപേക്ഷിക്കാൻ തയ്യാറായി ഏറ്റുമാനൂർ നഗരസഭയിലെ ഒരു കൂട്ടം നെൽ കർഷകർ. കടുത്ത വേനലിലും വെളളകെട്ടിലായ തെള്ളകം - പേരൂർ പുഞ്ചപാടശേഖരത്തെ കർഷർക്കാണ് ഈ ദുർവിധി. വികസനവും കർഷക സ്നേഹവും ഒന്നിച്ച് പറ്റില്ലന്ന് തെളിയിക്കുകയാണ് അധികൃതരുടെ പ്രവർത്തനം.
പേരൂർ കറുത്തേടം - അടിച്ചിറ റോഡ് നവീകരണത്തിൻ്റെ ഭാഗമായി പാലം പൊളിക്കുവാൻ വേണ്ടി "ബണ്ട്" നിർമ്മിച്ചതാണ് ഈ വെള്ളകെട്ടിന് കാരണമായത്. പാടശേഖരത്തിലൂടെ 3 കിമീ ദൂരത്തിൽ ഒഴുകി മീനച്ചിലാറുമായി സംഗമിക്കുന്ന തോടിന് കുറുകെയുള്ള പാലമാണ് പുനർനിർമ്മിക്കുന്നത്. തോട് മീനച്ചിലാറ്റിൽ ചേരുന്നതിനു തൊട്ടു മുൻപുള്ള ഭാഗത്താണ് തടയണ നിർമാണം നടന്നത്.
ഇതോടെ 135 ഏക്കർ പാടത്തെ നെൽകൃഷി നാശത്തിന്റെ വക്കിലായി. 80 ദിവസം പ്രായമായ നെൽ ചെടികൾ എല്ലാം വെള്ളത്തിൽ മുങ്ങി നിൽക്കുന്നു. യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്ത പാടശേഖരത്ത് കഴിഞ്ഞ കുറെ വർഷങ്ങളായി വേനൽ മഴയിൽ കൃഷി നാശം സംഭവിക്കുന്നത് മന്ത്രിയും മറ്റു ജനപ്രതിനിധികളും നേരിൽ കണ്ടു മനസിലാക്കിയിട്ടുള്ളതാണ്.
ഇതിനിടെ
കൃഷിഭവനിലും നഗരസഭയിലും പരാതി കൊടുത്തെങ്കിലും ഇതുവരെ വെള്ളം വറ്റിക്കുവാനുള്ള നടപടികൾ സ്വീകരിക്കുവാൻ അധികൃതർ തയ്യാറായില്ല. ജില്ലാ കളക്ടർക്കും പരാതി നൽകി. 'കർഷക ആത്മഹത്യകൾ ആവർത്തിക്കാൻ അവസരം ഒരുക്കാതെ
പാടശേഖരത്തിലെ വിളവ് എടുക്കുന്നതുവരെ എങ്കിലും തങ്ങളെ വെറുതെ വിട്ടു കൂടെ'
എന്ന് കർഷകർ ഒന്നടങ്കം ചോദിക്കുന്നു.