14 March, 2024 06:07:55 PM
കുറവിലങ്ങാട് കാർഷിക സഫാരി ക്ലബിന് തുടക്കം; കര്‍ഷകരെ ആദരിച്ചു
കുറവിലങ്ങാട്: കാർഷിക മേഖലയിലെ മാതൃകകൾ സന്ദർശിച്ച് മനസ്സിലാക്കി പ്രാവർത്തികമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കാർഷിക സഫാരി ക്ലബിന്‍റെ ഉദ്ഘാടനം ഉഴവൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി സി കുര്യൻ നിർവ്വഹിച്ചു. ക്ലബ് പ്രസിഡന്‍റ് പി ജെ ജോസഫിന്‍റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം നിർമ്മലാ ജിമ്മി മുഖ്യ പ്രഭാക്ഷണം നടത്തി, ക്ലബിന്‍റെ ലോഗോ പ്രകാശനം പഞ്ചായത്ത് പ്രസിഡന്‍റ് മിനി മത്തായി നിർവ്വഹിച്ചു.
ഏറ്റുമാനൂര്‍ ശക്തിനഗർ റസിഡന്‍റ്സ് അസോസിയേഷൻ സെക്രട്ടറി ബി. സുനിൽ കുമാർ, മറ്റപ്പള്ളിക്കുന്ന് റസിഡന്‍റ്സ് അസോസിയേഷൻ പ്രതിനിധി റോബർട്ട് തോട്ടുപുറം, മൈത്രിനഗർ റസിഡന്‍റ്സ് അസോസിയേഷൻ പ്രതിനിധി രാജീവ് ഒരത്തേൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അല്‍ഫോന്‍സാ ജോസഫ്, കുറവിലങ്ങാട് കൃഷി ഓഫീസർ ആഷ്ലി മാത്യൂസ്, കാര്‍ഷിക കര്‍മ്മസേന പ്രസിഡന്‍റ് ബൈജു പൊയ്യാനി, ക്ലബ് പ്രസിഡന്‍റ് പി ജെ ജോസഫ്, സെക്രട്ടറി സണ്ണി തോമസ് തുടങ്ങിയവര്‍ ചേര്‍ന്ന് നവധാന്യങ്ങളില്‍ ദീപം തെളിയിച്ചു.
ഉഴവൂർ കൃഷി അസിസ്റ്റന്‍റ് ഡയറക്ടർ സിന്ധു കെ മാത്യു, ഉഴവൂർ കൃഷി ഓഫീസർ തെരേസ അലക്സ്, കുറവിലങ്ങാട് കൃഷി ഓഫീസർ ആഷ്ലി മാത്യൂസ്, ഞീഴൂർ കൃഷി ഓഫീസർ സത്മ എം സി എന്നിവർ മാതൃകാ കർഷകരായ മാത്യു കുര്യൻ കൊല്ലിത്താനം, ജോസ് മരിയ ഭവൻ, സെബാസ്റ്റ്യൻ കുര്യൻ പുന്നക്കുഴി, ബിജു തോമസ് വട്ടമുകളേൽ എന്നിവരെ ആദരിച്ചു. കാർഷിക മേഖലയിലെ സമഗ്ര സംഭാവനക്ക് ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍, പെരുവ മറ്റപ്പള്ളിക്കുന്ന് റസിഡന്‍റ്സ് അസോസിയേഷൻ, ബാപ്പുജി സ്വാശ്രയ സംഘം, ഹരിത സമൃദ്ധി കർഷകദളം, കുറവിലങ്ങാട് മൈത്രിനഗർ റസിഡന്‍റ്സ് അസോസിയേഷൻ എന്നിവർക്ക് ത്രിതല പഞ്ചായത്ത് പ്രതിനിധികൾ മംഗളപത്രം സമർപ്പിച്ചു.
ഭൂമിക ഗ്രാമ ജാലകം പ്രതിനിധിയും പരിസ്ഥിതി പ്രവർത്തകനുമായ എബി എമ്മാനുവൽ പുണ്ടിക്കുളം ക്ലാസെടുത്തു. വിത്തുകളുടെയും തൈകളുടെയും സൗജന്യ കൈമാറ്റ പദ്ധതിയായ 'വിത്തുകുട്ട'യെ പരിചയപ്പെടുത്തി. വിത്തുകുട്ടയിൽ കർഷകർ 67 ഇനം വിത്തുകളും തൈകളും നിക്ഷേപിക്കുകയും കൈമാറുകയും ചെയ്തു. പരിപാടികൾക്ക് ക്ലബ് ഭാരവാഹികളായ സണ്ണി തോമസ്, ബാബു വി മാധവ്, പ്രവീൺ പടിയറ, സിബി ഓലിക്കൽ, ഷാജി പുതിയിടം, ലിജോ കടുവനായിൽ എന്നിവർ നേതൃത്വം നൽകി.