08 March, 2024 04:47:49 PM
കുറവിലങ്ങാട് കാർഷിക സഫാരി ക്ലബ് ഉദ്ഘാടനം 14 ന്
കുറവിലങ്ങാട്: കാർഷിക മേഖലയിൽ പാരമ്പര്യവും പൈതൃകവും ആധുനിക സാങ്കേതിക വിദ്യകളും കോർത്തിണക്കി വൈവിധ്യങ്ങളുടെ നിറവാർന്ന മാതൃകാ കൃഷിയിടങ്ങൾ ( ഫാമുകൾ, നഴ്സറികൾ കൃഷിയിടങ്ങൾ ) അന്വേഷിച്ചുള്ള യാത്രകരായ കർഷകരുടെ - സ്നേഹ - സൗഹൃദ - ആസ്വാദന കൂട്ടായ്മായാണ് കാർഷിക സഫാരി ക്ലബ് . പ്രസ്തുത ക്ലബിൻ്റെ ഔപചാരിക ഉദ്ഘാടനം 2024 മാർച്ച് 14 വ്യാഴാഴ്ച രാവിലെ 10 ന് കുറവിലങ്ങാട് പഞ്ചായത്ത് വക പി.ഡി. പോൾ സ്മാരക ഹാളിൽ വച്ച് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെയും കോട്ടയം ജില്ലയിലെ വിവിധ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും, വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ പ്രവർത്തകരുടെയും, അന്നം ഊട്ടുവാൻ രാപകൽ പണിയെടുക്കുന്ന കർഷകരുടെയും, ക്ലബ് അംഗങ്ങളുടെയും സാന്നിധ്യത്തിൽ നടത്തപ്പെടുന്നു.
ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രകൃതിയെ പൊതു ഭവനമായി സ്വീകരിച്ച് ജൈവവൈവിധ്യങ്ങളെകുറിച്ച് പഠിക്കുകയും അവ സമൂഹത്തിന് ഉപകരിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്ന വിവിധ സംഘടനകളുടെ ഉപദേഷ്ടാവുമായ ശ്രീ. എബി ഇമ്മാനുവൻ പൂണ്ടിക്കുളം പൂഞ്ഞാർ - ജൈവം - എന്ന പദത്തിൻ്റെ പൂർണതയെക്കുറിച്ച് സംവദിക്കുന്നതും അതോടൊപ്പം കർഷകർ സ്വന്തം തൊടിയിൽ ഉത്പാദിപ്പിക്കുന്ന നടുതലകൾ , വിത്തുകൾ , തൈകൾ എന്നിവ സൗജന്യമായി കൈമാറുന്ന പൂഞ്ഞാർ ഭൂമിക ഗ്രാമജാലകം എന്ന പ്രസ്ഥാനം രൂപം കൊടുത്ത് നടപ്പിലാക്കി വരുന്ന "വിത്തുകുട്ട " എന്ന പ്രോഗ്രാമും നടത്തപ്പെടുന്നതാണ് .
ഉദ്ഘാടനത്തിൽ പങ്കെടുക്കുന്ന ഏവർക്കും അടുക്കളത്തോട്ടത്തിലേക്കാവശ്യമായ സലാഡ് വെള്ളരി , മുളക് , പയർ , വെണ്ട , ഷമാം (മസ്ക് മെലൺ), ബ്ലാക്ക് വഴുതന എന്നിവയുടെ ബാംഗ്ളൂർ IIHR (Indian Institute of Horticulture Research) ൽ ഉത്പാദിപ്പിച്ച ഹൈബ്രിഡ് വിത്തുകൾ സൗജന്യമായി വിതരണം ചെയ്യുന്നതാണ്.