13 December, 2023 03:42:52 PM


കർഷകരെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്‍റേത്- മന്ത്രി പി. പ്രസാദ്



കോട്ടയം: കർഷകരെ ചേർത്ത് പിടിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റേതെന്നും നെല്ല് സംഭരിക്കുമ്പോൾ കർഷകർക്ക് അക്കൗണ്ടിൽ പണം ലഭ്യമാക്കുന്ന പി.ആർ.എസ് സംവിധാനം കർഷകരെ സഹായിക്കുന്ന നിലപാടാണെന്നും ഇത് കർഷകരുടെ ബാധ്യതയല്ലെന്നും കാർഷികവികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു.

ഏറ്റുമാനൂരില്‍ നവകേരള സദസ് വേദിയിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. വിദേശരാജ്യങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് റബ്ബർ ഇറക്കുമതി ചെയ്ത് റബ്ബർ കർഷകരെ കൂടി ദ്രോഹിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാരിനുള്ളത്. ഭൂരഹിത, ദരിദ്രരഹിത, ഭവനരഹിതരുള്ള കേരളമാണ് നവകേരളം എന്ന ആശയം വിഭാവനം ചെയ്യുന്നത്.

ഏഴ് വർഷം കൊണ്ട് മൂന്ന് ലക്ഷത്തോളം പട്ടയങ്ങൾ വിതരണം ചെയ്തു. ലൈഫ് പദ്ധതിയിൽ 3,56,108 വീടുകൾ പൂർത്തീകരിച്ചു. ലൈഫ് പദ്ധതിയിൽ 72000 രൂപ മാത്രമാണ് കേന്ദ്ര വിഹിതം. സംസ്ഥാന സർക്കാർ നൽകുന്നത് നാല് ലക്ഷം രൂപയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ 47 ശതമാനം പേരെയും അതിദാരിദ്ര പട്ടികയിൽ നിന്നു മാറ്റാൻ സാധിച്ചതായും മന്ത്രി പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K